മുരളീധരനെതിരേ ആഞ്ഞടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്

unnithan 2കൊല്ലം: കെ.മുരളീധരനെതിരേ രൂക്ഷ വിമര്‍ശനങ്ങളും ആരോപണങ്ങളും നിരത്തി കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. കെ.കരുണാകരന്റെ ഓര്‍മ ദിവസം മുരളീധരന്‍ ഗള്‍ഫില്‍ കോണ്‍ഗ്രസ് വിമതര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടൊപ്പം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നുവെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം വേദി പങ്കിടാനാണ് കരുണാകരന്‍ അനുസ്മരണം ഒഴിവാക്കി മകനായ മുരളി പോയത്. ഇത് കെപിസിസിയും പാര്‍ട്ടിയും അറിഞ്ഞാണോ എന്ന് തനിക്കറിയണമെന്നും മുരളി പങ്കെടുത്ത പരിപാടിയുടെ ചിത്രം ഉയര്‍ത്തിക്കാട്ടി ഉണ്ണിത്താന്‍ ചോദിച്ചു.

മുരളീധരന് പിന്നില്‍ ആളുണ്ട്. പുറകില്‍ ആളുണ്ട്. മുരളീധരനെക്കൊണ്ട് പറഞ്ഞ് പറയിപ്പിക്കുകയാണ്. മുരളീധരന്‍ ശിഖണ്ഡിയാണ്. വിമത കോണ്‍ഗ്രസ് സംഘടന സംഘടിപ്പിച്ച പരിപാടിയിലൂടെ കെ മുരളീധരന്‍ യുഡിഎഫിനെ അപമാനിച്ചു. കോണ്‍ഗ്രസിനെയും അപമാനിച്ചു. അതിനാലാണ് കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ രോഷം അണപൊട്ടിയൊഴുകിയത്-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. വിമത കോണ്‍ഗ്രസ് സംഘടനയുടെ പരിപാടിക്ക് മുന്‍ കെപിസിസി പ്രസിഡന്റ് പോകാന്‍ പാടുണ്ടോ. വീട്ടിലെ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കേണ്ട മകനാണ് ഷാര്‍ജയില്‍ പോയത്. കരുണാകരന്‍ മരിക്കുമ്പോള്‍ കൊള്ളിവയ്ക്കാന്‍ വേറെ ആളെ നോക്കണം എന്ന് പറഞ്ഞ ആളാണ് കെ മുരളീധരന്‍. സോണിയാ ഗാന്ധി, അഹമ്മദ് പട്ടേല്‍, എകെ ആന്റണി, കെ കരുണാകരന്‍ എന്നിവര്‍ക്കെതിരെ ശബ്ദിച്ച ആളാണ് കെ മുരളീധരനെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചു.

മുരളീധരനെ പരസ്യമായി വിമര്‍ശിച്ചതിനെയും ഉണ്ണിത്താന്‍ ന്യായീകരിച്ചു. മുരളീധരനെ രൂക്ഷമായി വിമര്‍ശിച്ചു, എന്നാല്‍ സഭ്യതവിട്ടു സംസാരിച്ചിട്ടില്ല. മുരളീധരനെതിരെ പറഞ്ഞതില്‍നിന്ന് അണുവിട താന്‍ പിന്നോട്ടുപോകില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ മദാമ്മ ഗാന്ധിയെന്നു വിളിച്ചിട്ട് പോയി കാലുപിടിച്ചയാളാണ് അദ്ദേഹം. അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേല്‍ എന്നു വിളിച്ചയാളാണ് മുരളീധരന്‍. തന്‍കാര്യത്തിനായി അദ്ദേഹം ആരുടെയും കാലുപിടിക്കും. സഭ്യതയുടെ അതിര്‍വരമ്പ് ലംഘിച്ച് താന്‍ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. തിങ്കളാഴ്ച താന്‍ പറഞ്ഞ പ്രസ്താവന മുഴുവനായും ടിവി ചാനലുകളുടെ കൈവശമുണ്ട്.

പാര്‍ട്ടിക്ക് വേണ്ടി വിഴുപ്പ് ചുമന്നുവെന്ന് എതിരാളികള്‍ പോലും സമ്മതിച്ചുതരും. നിരന്തരമായ അവഹേളനമുണ്ടായിട്ടും പിടിച്ചുനിന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് തനിക്ക് അനുകൂലമായി സംസാരിക്കാന്‍ ഒരാള്‍ പോലും ഉണ്ടായില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് നീതി ലഭിച്ചില്ല. ആരോപണം ഉയര്‍ന്ന വിഷയത്തില്‍ തെളിവുകള്‍ തരാം. എതിരായി ഒരുവാക്ക് എങ്കിലും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞാല്‍ നിങ്ങല്‍ പറയുന്നത് അംഗീകരിച്ചുതരാം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

പത്രസമ്മേളനത്തിന്റെ ഒരു ഘട്ടത്തില്‍ വികാരപരമായാണ് അദ്ദേഹം സംസാരിച്ചത്. സോളാര്‍ കേസില്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ തലയില്‍ മുണ്ടിട്ട് നടന്നു. അപ്പോള്‍ പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ന്യായീകരിക്കാന്‍ താന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് അക്രമത്തിനിന് ഇരയായത് പാര്‍ട്ടിക്ക് വേണ്ടിയാണ്. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ രാഷ്ട്രീയ ജീവിതം തുറന്ന പുസ്തകമാണ്. തന്നെക്കുറിച്ച് ആരെങ്കിലും മോശം പറഞ്ഞാല്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും. സംശുദ്ധ രാഷ്ട്രീയമാണ് 48 വര്‍ഷമായി താന്‍ നടത്തുന്നതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Related posts