വാഷിംഗ്ടണ്‍ ഡിസി: ഇറാനെതിരേ അമേരിക്ക നടത്തിവന്ന ‘ഓപ്പറേഷന് എപിക് ഫ്യൂറി’ സൈനികനടപടി അവസാനിച്ചതായി യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു റൂബിയോ. സൈനിക നടപടിയുടെ ഈ ഘട്ടം പൂര്‍ത്തിയായതായി പ്രസിഡന്റ് ട്രംപ് അറിയിച്ചിട്ടുണ്ട്. അതേസമയം, ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിനുനേരേ ആക്രമണമുണ്ടായാല്‍ കനത്ത തിരിച്ചടി നല്കാന് യുഎസ് തയാറാണെന്നും റൂബിയോ മുന്നറിയിപ്പു നല്കി.
ഇറാനുമായുള്ള പുതിയ കരാര്‍ ഒപ്പുവയ്ക്കുന്നതിനുള്ള സാധ്യതകള്‍ പരിഗണിച്ച് ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ നീക്കത്തിനുള്ള ‘പ്രൊജക്റ്റ് ഫ്രീഡം’ പദ്ധതി താത്കാലികമായി നിര്‍ത്തിവച്ചതായി ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. ഉടമ്പടി അന്തിമമാക്കാനും ഒപ്പുവയ്ക്കാനും സമയം നല്‍കുന്നതിനാണ് ഈ തീരുമാനമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, മേഖലയില്‍ വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം നടത്തിയത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കുന്നതും കപ്പലുകള്‍ക്കുനേരെയുള്ള ആക്രമണങ്ങളും ഇറാന് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ അമേരിക്ക പ്രമേയം അവതരിപ്പിച്ചു. ബഹ്റൈന്‍, സൗദി, യുഎഇ, കുവൈറ്റ്, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ സഹകരണത്തോടെയാണ് പ്രമേയം. പ്രമേയം പാസായാല്‍ ഇറാനെതിരേ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനും ആവശ്യമെങ്കില്‍ സൈനികനീക്കം നടത്താനുമുള്ള അധികാരവും ലഭിക്കും.
ചൈനയും റഷ്യയും പ്രമേയത്തെ വീറ്റോ ചെയ്യരുതെന്ന് മാര്‍ക്കോ റൂബിയോ അഭ്യര്‍ഥിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ജലപാതകള്‍ തടസപ്പെടുന്നതു ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കും. അതുകൊണ്ട് ഇറാനെതിരേ സമ്മര്‍ദം ചെലുത്തേണ്ടത് എല്ലാവരുടെയും ആവശ്യമാണെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു. നേരത്തെ സമാനമായ രീതിയില്‍ ബഹ്റൈന്‍ മുന്നോട്ടുവച്ച പ്രമേയത്തെ റഷ്യയും ചൈനയും ചേര്‍ന്നു പരാജയപ്പെടുത്തിയിരുന്നു.
ഇറാന് നടത്തിയതായി ആരോപിക്കപ്പെടുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളെ പുതിയ പ്രമേയത്തിന്റെ കരട് രേഖയില്‍ ശക്തമായി അപലപിക്കുന്നുണ്ട്. കടലിടുക്കിലെ കപ്പല്‍ ഗതാഗതം തടസപ്പെടുത്തുന്ന നീക്കങ്ങളില്‍നിന്ന് ഇറാന് പിന്തിരിയണമെന്നും മൈനുകളുടെ കൃത്യമായ സ്ഥാനം വെളിപ്പെടുത്തണമെന്നും യുഎസ് ആവശ്യപ്പെട്ടു. മേഖലയില്‍ സമാധാനം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുമ്പോഴും ഏതു നിമിഷവും സൈനിക നടപടി പുനരാരംഭിക്കാന്‍ തയാറാണെന്ന് യുഎസ് സൈനികമേധാവികളും വ്യക്തമാക്കിയിട്ടുണ്ട്.
