ഇന്ത്യ-അമേരിക്ക വ്യാപാര കരാർ പട്ടികയിൽ തിരുത്തലുമായി വൈറ്റ് ഹൗസ്. ഇന്ത്യയുടെ ശക്തമായ ഇടപെടലുകളാണ് മുന്പു പുറത്തുവിട്ട റിപ്പോർട്ടിൽ ട്രംപ് ഭരണകൂടം മാറ്റങ്ങൾ വരുത്താൻ തയാറായത്. 500 ബില്യൺ ഡോളറിന്റെ ഉത്പന്നങ്ങൾ വാങ്ങും എന്നത്, “ലക്ഷ്യമിടുന്നു’ എന്നാക്കിയും പയർവർഗങ്ങളുടെ ഇറക്കുമതി ചുങ്കം കുറയ്ക്കുമെന്ന പരാമർശം നീക്കം ചെയ്തതുമാണ് കരാറിൽ വരുത്തിയ പ്രധാന തിരുത്തലുകൾ.
ചില പയർവർഗങ്ങളുടെ ഇറക്കുമതി ചുങ്കം ഇന്ത്യ കുറയ്ക്കുമെന്ന് നേരത്തെ വൈറ്റ് ഹൗസ് പുറത്തുവിട്ട റിപ്പോർട്ടിൽ അവകാശപ്പെട്ടിരുന്നു.എന്നാൽ പയർവർഗങ്ങളുടെ ഉത്പാദനത്തിലും ഉപഭോഗത്തിലും മുന്നിൽ നിൽക്കുന്ന രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇറക്കുമതി ചുങ്കം കുറച്ചാൽ രാഷ്ട്രീയ തിരിച്ചടികൾ ഉണ്ടാകും. ഈ സാഹചര്യത്തിൽ ഇന്ത്യ വിയോജിപ്പറിയിച്ചതോടെയാണ് പുതിയ പട്ടികയിൽനിന്ന് അമേരിക്ക ഈ ഭാഗം ഒഴിവാക്കിയത്.
അതുപോലെ തന്നെ, അമേരിക്കൻ ഉത്പന്നങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും മാറ്റം വരുത്തി. ഇന്ത്യ 500 ബില്യൺ ഡോളറിന്റെ ഉത്പന്നങ്ങൾ വാങ്ങാൻ “പ്രതിജ്ഞാബദ്ധമാണ്’ എന്നായിരുന്നു ആദ്യ റിപ്പോർട്ടിലുണ്ടായിരുന്നത്. പിന്നീട്, ഇന്ത്യ ഉത്പന്നങ്ങൾ വാങ്ങാൻ “ലക്ഷ്യമിടുന്നു’ എന്നാക്കി മാറ്റിയിട്ടുണ്ട്. കൂടാതെ ഉത്പന്നങ്ങളുടെ പട്ടികയിൽനിന്ന് “കാർഷികം’ എന്ന വാക്കും നീക്കം ചെയ്തിട്ടുണ്ട്.
ഡിജിറ്റൽ സർവീസ് ടാക്സ് പിൻവലിക്കുമെന്ന പരാമർശത്തിലും വൈറ്റ് ഹൗസ് മാറ്റം വരുത്തി. ഇന്ത്യ ഇതിനോടകം തന്നെ ചില ഡിജിറ്റൽ പരസ്യ നികുതികൾ ഒഴിവാക്കിയിട്ടുണ്ടെങ്കിലും പുതിയ റിപ്പോർട്ടിൽ ഡിജിറ്റൽ വ്യാപാര നിയമങ്ങളെക്കുറിച്ച് “ചർച്ച ചെയ്യാമെന്ന് സമ്മതിച്ചു’ എന്നു മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഉഭയകക്ഷി ചർച്ചകളിൽ ധാരണയാകാത്ത കാര്യങ്ങൾ വൈറ്റ് ഹൗസിന്റെ റിപ്പോർട്ടിൽ കടന്നുകൂടിയത് ഇന്ത്യ ഔദ്യോഗികമായി ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് തിരുത്തലുകൾ.
