കോഴഞ്ചേരി : ബലി പെരുന്നാൾ അവധി കണക്കിലെടുത്ത് മറുനാടുകളിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷൽ സർവീസുകൾ ഓടിക്കാതെ കെഎസ്ആർടിസി. വലഞ്ഞത് അന്തർ സംസ്ഥാന യാത്ര ചെയ്യേണ്ടിയിരുന്ന വിദ്യാർഥികളും ജോലിക്കാരും. നൂറുകണക്കിനാളുകളാണ് പെരുന്നാൾ അവധിക്ക് നാട്ടിലേക്ക് തിരിച്ചത്. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് ബസ് ക്ഷാമം മൂലം ഏറെ വലഞ്ഞത്. ഇവർക്ക് ചെലവ് കുറഞ്ഞ യാത്രയും ഇക്കുറി അപ്രാപ്യമായി. കെഎസ്ആർടിസി ബംഗളൂരു – എറണാകുളം റൂട്ടിൽ പതിവ് സർവീസ് മാത്രമാണ് നടത്തിയതെന്ന് യാത്രക്കാർ പറയുന്നു. ബലിപ്പെരുന്നാളിന്റെ തലേ ദിവസമായ 27 നാണ് യാത്രക്കാർ ബസില്ലാതെ വലഞ്ഞത്.
തിരുവല്ല, കോഴഞ്ചേരി, റാന്നി, പത്തനംതിട്ട, കോന്നി, അടൂർ എന്നിവിടങ്ങളിലേക്ക് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ അമിത ചാർജ് നൽകിയാണ് 27 ന് നാട്ടിൽ എത്തിയത്. കേരളത്തിലേക്കുള്ള സ്വകാര്യ ബസ് സർവീസുകൾ മികച്ച ലാഭമുണ്ടാക്കുമ്പോഴാണ് ഈ റൂട്ടിനെ കെഎസ് ആർ ടി സി അവഗണിക്കുന്നതെന്നാണ് യാത്രക്കാരുടെ പരാതി.
എറണാകുളം റൂട്ടിൽ പോലും പ്രതിദിനം ഒറ്റ സർവീസ് എന്ന നിലപാടാണ് കെഎസ്ആർ ടി സി തിരുത്തേണ്ടത്. ഇതു പോലെ തന്നെയാണ് വിഷു, ഓണം ക്രിസ്മസ് എന്നീ അവധി സീസണിലും തങ്ങളുടെ ദുരിതമെന്ന് ചെന്നൈയിൽ നിന്നു വന്ന പത്തനംതിട്ട സ്വദേശികളായ ദമ്പതികൾ പറഞ്ഞു.
കഴിഞ്ഞ വിഷു, ഈസ്റ്റർ അവധിക്കാലത്ത് എറണാകുളത്തേക്ക് വിരലിൽ എണ്ണാവുന്ന സ്പെഷൽ സർവീസ് മാത്രമാണ് കെ എസ്ആർടിസി നടത്തിയത്. തിരക്കുള്ള ദിവസങ്ങളിൽ ദിവസേനയുള്ള എറണാകുളം ബസിലെ ബുക്കിംഗ് നേരത്തെ തന്നെ തീരുമെന്നതാണ് സ്ഥിതി. ലാഭകരമല്ലെന്ന കാരണം പറഞ്ഞാണ് കേരളത്തിലേക്കുള്ള സ്പെഷൽ സർവീസുകൾ കെ എസ് ആർ ടി സി നിർത്തലാക്കിയത്. എന്നാൽ ഉത്സവ സീസണുകളിൽ ധാരാളം യാത്രക്കാർ നാട്ടിലേക്ക് പോകാനൊരുങ്ങുമ്പോഴെങ്കിലും സ്പെഷൽ സർവീസ് നടത്തണമെന്നാണ് പത്തനംതിട്ടയിൽ നിന്നുള്ള യാത്രക്കാരുടെ ആവശ്യം.
മധ്യവേനൽ അവധി കഴിഞ്ഞുള്ള മടക്കയാത്ര കൂടി ആയതോടെ നാട്ടിലേക്കും തിരികെയുമുള്ള ബസുകളിൽ ഒരേപോലെ തിരക്കാണ്.
ചെന്നൈയിൽ നിന്ന് എറണാകുളം വരെ 3000 -4000 രൂപ വരെ സ്വകാര്യ ബസുകൾ ഈടാക്കുമ്പോൾ പത്തനംതിട്ട, അടൂർ ഭാഗങ്ങളിലേക്ക് 3500 – 500 വരെ ടിക്കറ്റ് നിരക്ക് വാങ്ങുന്നതായും ആക്ഷേപമുണ്ട്. സാധാരണ ദിവസങ്ങളിൽ 2000 രൂപയിൽ താഴെയാണ് ടിക്കറ്റ് നിരക്ക്.
