കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്നും, 2001ൽ പോലും കാണാനാവാത്തത്ര യുഡിഎഫ് തരംഗമാണ് നിലവിലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ മണ്ഡലത്തിലെ ഫലത്തെ കുറിച്ച് മുഖ്യമന്ത്രി വേവലാതിപ്പെടേണ്ടെന്നും 25 കൊല്ലമായി തന്നെ വിജയിപ്പിക്കുന്ന മണ്ഡലമാണ് ഇതെന്നും ഓരോ തവണയും ഭൂരിപക്ഷം ഉയർത്തുന്ന അപൂർവ റെക്കോർഡ് മണ്ഡലത്തിലുണ്ടെന്നും സതീശൻ വ്യക്തമാക്കി.
സംസ്ഥാനത്ത് ഒരു ഡസൻ മന്ത്രിമാർ തോൽക്കാൻ പോകുകയാണെന്നും സതീശൻ അഭിപ്രായപ്പെട്ടു. ഈ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവുമധികം നുണ പറഞ്ഞത് പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഇത്തവണ ഒരു സീറ്റ് പോലും ലീഗ് കൂടുതൽ ചോദിച്ചില്ല. കോൺഗ്രസിന് മൂന്ന് സീറ്റ് അധികം കിട്ടുകയും ചെയ്തുവെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.
