പരവൂർ: രാജ്യത്തെ ഹ്രസ്വദൂര വിമാന സർവീസുകൾക്ക് ശക്തമായ ബദലായി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ മാറുന്നു.എട്ട് മുതൽ 14 മണിക്കൂർ വരെ യാത്രാദൂരമുള്ള നഗരങ്ങൾക്കിടയിൽ വിമാനങ്ങളേക്കാൾ സൗകര്യപ്രദവും ലാഭകരവുമായ യാത്ര വാഗ്ദാനം ചെയ്താണ് ഇന്ത്യൻ റെയിൽവേ ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. സമയലാഭത്തിനൊപ്പം നഗരമധ്യത്തിൽ തന്നെയുള്ള റെയിൽവേ സ്റ്റേഷനുകളിലേക്കുള്ള എളുപ്പവഴിയും പ്രീമിയം യാത്രക്കാരെ റെയിൽവേയിലേക്ക് ആകർഷിക്കുന്നു.
ജപ്പാനിലെയും ചൈനയിലെയും അതിവേഗ റെയിൽവേകൾ ആഭ്യന്തര വിമാന സർവീസുകളിൽ ചെലുത്തിയ ആഘാതത്തിന് സമാനമായ മാറ്റമാണ് ഇന്ത്യയിലും പ്രതീക്ഷിക്കുന്നത്. ജപ്പാനിലെ ടോക്കിയോ-ഒസാക്ക റൂട്ടിലും ചൈനയിലെ 1000 കിലോമീറ്ററിൽ താഴെയുള്ള റൂട്ടുകളിലും അതിവേഗ ട്രെയിനുകൾ വന്നതോടെ വിമാനയാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിരുന്നു.
ഇതേ മാതൃക പിന്തുടർന്ന് ആഭ്യന്തര വ്യോമയാന മേഖലയ്ക്ക് തന്ത്രപരമായ ഒരു എതിരാളിയായി റെയിൽവേയെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ തന്നെ വന്ദേ ഭാരത് ട്രെയിനുകളുടെ വരവോടെ ചില പ്രാദേശിക റൂട്ടുകളിൽ വിമാനയാത്രക്കാരുടെ എണ്ണത്തിൽ പത്തു മുതൽ 20 ശതമാനം വരെ കുറവുണ്ടായതായാണ് കണക്കുകൾ.
മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ രാജധാനി എക്സ്പ്രസുകളേക്കാൾ മികച്ച യാത്രാനുഭവമാകും നൽകുക. വേഗം, കൃത്യനിഷ്ഠ, ആധുനിക സുഖസൗകര്യങ്ങൾ എന്നിവയിലൂടെ വിമാനക്കമ്പനികൾക്ക് നഷ്ടപ്പെട്ട ഉയർന്ന വരുമാനമുള്ള യാത്രക്കാരെ തിരികെ എത്തിക്കാൻ റെയിൽവേയ്ക്ക് സാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ തന്നെ നിർണായകമായ വഴിത്തിരിവായി വന്ദേ ഭാരത് സ്ലീപ്പർ പദ്ധതി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
- എസ്.ആർ. സുധീർ കുമാർ
