നിയാസ് മുസ്തഫ
കോട്ടയം: ഡോ.എം.കെ മുനീർ നിയമസഭയിൽ വനിതാ മതിലിനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ തെറ്റില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. വനിതാ മതിൽ വർഗീയ മതിലെന്ന പരാമർശമാണ് നിയമസഭയിൽ എം.കെ മുനീർ നടത്തിയത്. ഈ പരാമർശത്തിൽ തെറ്റൊന്നുമില്ലെന്നാണ് കെ.പി.എ മജീദ് രാഷ്ട്രദീപികയോട് പറഞ്ഞത്.
സംസ്ഥാന സർക്കാർ മുന്നോട്ടുവച്ചിരിക്കുന്ന വനിതാ മതിലിനു പിന്നിൽ ദുരൂഹമായ കാര്യങ്ങളാണുള്ളത്. കേരളത്തിൽ നവോത്ഥാന രംഗത്തു നിരവധി സംഭാവനകൾ നൽകിയ പലരുമുണ്ട്. അവരിൽ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള മതവിഭാഗത്തിൽ പെട്ടവരുമുണ്ട്.
സർക്കാരിന്റെ ലക്ഷ്യം നവോത്ഥാന മുന്നേറ്റം മാത്രമായിരുന്നുവെങ്കിൽ എല്ലാ വിഭാഗം ആളുകളെയും വനിതാ മതിലിൽ ഉൾപ്പെടുത്തിയേനെ. ന്യൂനപക്ഷ വിഭാഗത്തിലെ ആരെയും വനിതാ മതിലിൽ സർക്കാർ ക്ഷണിച്ചിട്ടില്ല. കുറച്ച് വർഗീയ, തീവ്ര നിലപാടുള്ളവരെ ഉൾക്കൊള്ളിച്ചാണ് സർക്കാർ വനിതാ മതിൽ സംഘടിപ്പിക്കാൻ പോകുന്നത്. ഇതിനു പിന്നിൽ സർക്കാരിനു ഗൂഢമായ അജണ്ടയുണ്ട്.
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ സർക്കാരിനു വീഴ്ച പറ്റി. സർക്കാരിനെതിരേ ജനവികാരം തിരിയുന്നുവെന്ന് മനസിലാക്കി അതു മറച്ചുവയ്ക്കാനാണ് അവരിപ്പോൾ വനിതാ മതിലുമായി രംഗത്തുവന്നിരിക്കുന്നത്. -കെപിഎ മജീദ് പറഞ്ഞു.
ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ കനത്ത ആഘാതം കേരളത്തിൽ യുഡിഎഫ് സംവിധാനത്തിനും ഉണർവ് പകരുമെന്നതിൽ തർക്കമില്ല. ബിജെപിയെ പതിരോധിക്കാൻ ദേശീയ പാർട്ടിയായ കോണ്ഗ്രസ് നേതൃത്വത്തിലുള്ള മതേതരത്വ കൂട്ടായ്മയ്ക്കു മാത്രമേ കഴിയൂ. സിപിഎം പോലുള്ള പ്രാദേശിക പാർട്ടികൾക്ക് ബിജെപിയെ പ്രതിരോധിക്കാനാവില്ല.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ യുഡിഎഫ് സ്ഥാനാർഥികൾക്ക് ഗുണകരമാകുന്ന തരത്തിലാണ് രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.-കെ.പി.എ മജീദ് പറഞ്ഞു.