കൊച്ചി: വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങിയ കുട്ടിയെ വരാപ്പുഴ പോലീസിന്റെ കരുതലില്‍ മണിക്കൂറുകള്‍ക്കകം കണ്ടെത്തി മാതാപിതാക്കള്‍ക്കൊപ്പം അയച്ചു.ഇന്നലെ ഉച്ചയോടെ എറണാകുളം സ്വദേശിയായ 15കാരനാണ് മാതാപിതാക്കളോട് പിണങ്ങി സൈക്കിളില്‍ വീടുവിട്ടിറങ്ങിയത്.
ഏക മകനെ കാണാതെ അമ്മ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരു പുഴയുടെ അടുത്താണെന്നും ഫോണ്‍ ഇപ്പോള്‍ ഓഫാകുമെന്നും കുട്ടി അറിയിച്ചു. ഇതോടെ പരിഭ്രാന്തരായ മാതാപിതാക്കള്‍ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. അദ്ദേഹം സൈബര്‍ പോലീസുമായി ബന്ധപ്പെട്ട് ഫോണിന്റെ ലൊക്കേഷന്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഏകദേശ ലൊക്കേഷനായി വരാപ്പുഴയാണ് കാണിച്ചത്.
ഇതോടെ കുട്ടിയുടെ മാതാപിതാക്കള്‍ ഉച്ചയ്ക്ക് രണ്ടിന് വരാപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. ജിഡി ചാര്‍ജ് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ ഇ.എം. ജെനീഷിനോട് വിവരം പറഞ്ഞു. അദ്ദേഹം എസ്എച്ച്ഒ സുധീഷ്കുമാറിനെ വിവരം അറിയിച്ചു. ഈ സമയം സ്റ്റേഷന് ജീപ്പ് മറ്റൊരു ഡ്യൂട്ടിക്കായി കൊണ്ടുപോയിരിക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയുടെ അച്ഛന്റെ ബൈക്കില്‍ എഎസ്ഐ ജെനീഷും മറ്റൊരു ബൈക്കില്‍ എസ്ഐ സുഭാഷും സിപിഒ ജിതേഷും കുട്ടിയെ തെരഞ്ഞ് ഇറങ്ങി.
ദ്വീപ് ആയതിനാല്‍ കുട്ടി എവിടെയായിരിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. രണ്ടു സംഘങ്ങളും പുഴയോരത്തു കൂടി പലയിടങ്ങളിലും കുട്ടിക്കായി അന്വേഷണം നടത്തി. അരമണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവില്‍ എഎസ്ഐ ജെനീഷ് കുട്ടിയെ വരാപ്പുഴ പുതിയ പാലത്തിനു സമീപം പുഴക്കരുകില്‍ നിന്ന് കണ്ടെത്തി. കുട്ടിയുടെ സൈക്കിളും അവിടെ ഉണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ എത്തിച്ച കുട്ടിയെ എസ്എച്ച്ഒ സുധീഷ്കുമാര്‍ കാര്യങ്ങളുടെ ഗൗരവം പറഞ്ഞു മനസിലാക്കി. തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം അയച്ചു.
- സ്വന്തം ലേഖിക
