തലങ്ങും വിലങ്ങും പായിച്ചിട്ടും സെവാഗിനെ മറികടക്കാനാകാതെ വാര്‍ണര്‍

varner-lസിഡ്‌നി: പാക്കിസ്ഥാന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചു ഡേവിഡ് വാര്‍ണര്‍ ആദ്യ സെഷനില്‍ സെഞ്ചുറി നേടിയെങ്കിലും വിരേന്ദര്‍ സെവാഗിന്‍റെ പേരിലുള്ള റിക്കാര്‍ഡ് ഇത്തവണയും തകര്‍ന്നില്ല. 2001 മുതലുള്ള കണക്കു പരിശോധിച്ചാല്‍ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടിയത് സെവാഗാണ്. 2001ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 25.3 ഓവറിലാണ് സെവാഗ് സെഞ്ചുറി നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ വാര്‍ണറിന്‍റെ സെഞ്ചുറി നേട്ടം 26.2 ഓവറിലാണ്.

മൂന്നാം സ്ഥാനവും വാര്‍ണറിന്‍റെ പേരിലാണ്. നാലും അഞ്ചും ആറും സ്ഥാനം സെവാഗിന്‍റെ പേരില്‍ത്തന്നെയാണ്. പാക്കിസ്ഥാനെതിരേ പുറത്താകും മുമ്പ് വാര്‍ണര്‍ 17 ഫോറുകളുടെ അകമ്പടിയോടെ 95 പന്തില്‍ 113 റണ്‍സെടുത്തിരുന്നു. എന്നാല്‍, മറ്റൊരു റിക്കാര്‍ഡ് ഇന്നലെ വാര്‍ണര്‍ തിരുത്തിക്കുറിച്ചു. അതു സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ 87 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ചതാണ്. ബ്രാഡ്മാനു ശേഷം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സിന്‍റെ ആദ്യ സെഷനില്‍ സെഞ്ചുറി നേടുന്ന ആദ്യതാരമാണ് വാര്‍ണര്‍.

Related posts