ചേലക്കര: ക്വാറിയിൽനിന്നു ലോഡുമായിവരുന്ന വാഹനങ്ങൾ കർശനമായി നിയമം പാലിക്കണമെന്ന് വെങ്ങാനെല്ലൂർ പ്രകൃതി സംരക്ഷണസമിതി.
ക്വാറിയിൽനിന്നുവരുന്ന ടോറസ് ഉൾപ്പടെയുള്ള വാഹനങ്ങൾ അനുവദിച്ചതിലും അധികഭാരംകയറ്റി നിരത്തിലൂടെ പായുന്നത് ജനങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് വെങ്ങാനെല്ലൂർ പ്രകൃതി സംരക്ഷണസമിതി വീണ്ടും രംഗത്തുവന്നത്.
നിയമംലംഘിച്ച് ക്വാറിയിൽ കരിങ്കൽ ഖനനം നടത്തുന്നതിനും അപകടഭീഷണി ഉയർത്തി ടോറസ് ഉളപ്പടെയുള്ള വാഹനങ്ങൾ അമിതഭാരം കയറ്റി പോകുന്നതിനുമെതിരേ പലതവണ വെങ്ങാനെല്ലൂർ പ്രകൃതി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തിയെങ്കിലും ഇതേ പ്രവൃത്തി തുടരുകയാണെന്ന് വെങ്ങാനെല്ലൂർ പ്രകൃതി സംരക്ഷണസമിതി ആരോപിച്ചു.
വെങ്ങാനെല്ലൂർ പ്രകൃതി സംരക്ഷണസമിതി പ്രസിഡന്റ് ഗോപി ചക്കുന്നത്ത്, രണ്ടാംവാർഡ് മെമ്പർ വിനോദ് പന്തലാടി, നാലാംവാർഡ് മെമ്പർ ഗീത ഉണ്ണികൃഷ്ണൻ, സംരക്ഷണ സമിതി കോ-ഓർഡിനേറ്റർ ശ്രീകാന്ത് മുണ്ടക്കൽ, കെ.ടി. കുഞ്ഞുമോൻ തുടങ്ങിയവർ സന്നിഹിതരായി.
