വൈക്കം: വേമ്പനാട്ടുകായലിൽ മലിനീകരണം രൂക്ഷമാകുന്നു. കായലിൽ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യമാണ് കുന്നുകൂടുന്നത്. മലിനീകരണം മത്സ്യസമ്പത്തിന്റെ ശോഷണത്തിനും കായലോരവാസികളുടെ ആരോഗ്യകരമായ ജീവിതത്തെയും പ്രതികൂലമായി ബാധിക്കുകയാണ്. വൈക്കത്ത് കുടുംബങ്ങൾ കൂടുതലായി എത്തുന്ന കായലോര ബീച്ചിലാണ് മാലിന്യങ്ങള്‍ ഏറ്റവും അധികം അടിഞ്ഞുകൂടിക്കിടക്കുന്നത്.
ബീച്ചില്‍ എത്തുന്നവര്‍ പോലും പ്ലാസ്റ്റിക് കുപ്പികള്‍ ഉള്‍പ്പെടെ അലക്ഷ്യമായി കായലിലേക്കുതന്നെ വലിച്ചെറിയുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. 120 ഇനം മത്സ്യങ്ങളാണ് കായലില്‍ ഉണ്ടായിരുന്നതെന്ന് ഈ മോഖലയില്‍ പഠനം നത്തിയവര് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ മത്സ്യ ഇനങ്ങൾ ഇപ്പോൾ അന്‍പതായി ചുരുങ്ങി. കായലിൽ സുലഭമായിരുന്ന കരിമീൻ, ഞണ്ട്, ചെമ്മീൻ തുടങ്ങിയവയിൽ വൻ ഇടിവുണ്ടായി.
ഉൾനാടൻ ജലാശയത്തിൽ എത്തിയിരുന്ന പക്ഷികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. മലിനീകരണം തടഞ്ഞ് കായലിന്റെ സജീവത വീണ്ടെടുത്തില്ലെങ്കിൽ വേമ്പനാട്ടുകായല്‍ വരും തലമുറയ്ക്ക് ഒരു ഓര്‍മമാത്രമായി മാറിയേക്കാം.
