ചെറുപ്പക്കാരില്ലാത്ത നാട്! മുഴുവന്‍ അറുപത് വയസിന് മുകളിലുള്ളവര്‍; ഈ ജില്ലയിലെ ചെറുപ്പക്കാരെവിടെപ്പോയി? വ്യത്യസ്തമായ നാടിനേക്കുറിച്ചറിയാം

tuytdu37 ഗ്രാമങ്ങളുള്ള ഉത്തരാഖണ്ഡിലെ ചംപാവത്ത് ജില്ലയില്‍ ഇനി ചെറുപ്പക്കാരായ വോട്ടര്‍മാരില്ല. കാരണം പുതിയ തലമുറയിലെ ചെറുപ്പക്കാരായ എല്ലാവരും ജോലി സംബന്ധമായി നാട്‌വിട്ട് പോയത്രേ. ഇപ്പോള്‍ ജില്ലയിലെ ഈ 37 ഗ്രാമങ്ങളില്‍ അവശേഷിക്കുന്നവരാകട്ടെ 60 വയസിന് മുകളില്‍ പ്രായമുള്ളവരോ അല്ലെങ്കില്‍ 18 വയസില്‍ താഴെയുള്ളവരോ ആണ്. ഈ രണ്ട് കൂട്ടത്തിലും പെടാത്ത ആരും തന്നെ ഇവിടെയില്ല. ഇവിടുത്തെ ഭൂരിഭാഗം ഗ്രാമങ്ങളിലും 100 താമസക്കാരില്‍ കൂടുതലില്ല താനും.

വാര്‍സിംഗ് ഗ്രാമത്തില്‍ 25, തര്‍ക്കുളിയിലും ഖോരാഗണിലും 35 പേര്‍ വീതം, കൂദില്‍ 65 എന്നിങ്ങനെയാണ് താമസക്കാരുടെ എണ്ണം. പണം സമ്പാദിക്കാനുള്ള യാതൊരു മാര്‍ഗവും സ്വന്തം ഗ്രാമത്തില്‍ ഇല്ലാത്തതുകൊണ്ടാണ് ഇവിടങ്ങളിലെ യുവതീയുവാക്കന്മാര്‍ ഒന്നടങ്കം നാടുവിട്ട് പോകുന്നത്. വികസനം ഇവിടേയ്ക്ക് എത്തിനോക്കിയിട്ട് പോലുമില്ല. ശാരദാ നദിയും അവിടുത്തെ തണാക്ക്പൂര്‍ പവര്‍ പ്ലാന്റും ഇവിടുന്ന് വെറും ഒന്‍പത് കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍പ്പോലും ഇവിടെ വൈദ്യുതി ലഭ്യമല്ല.

2011 ലെ സെന്‍സസ് പ്രകാരം ഉത്തരാഖണ്ഡിലെ 16,793 ഗ്രാമങ്ങളില്‍ 1,053 ഗ്രാമങ്ങളിലും ആള്‍പ്പാര്‍പ്പില്ല. ബാക്കിയുള്ളതില്‍ 400 ഗ്രാമങ്ങളിലാകട്ടെ പത്തില്‍ താഴെ ആളുകള്‍ വീതമാണുള്ളത്. ഇത്തരത്തില്‍ വിജനമായി കിടന്നിരുന്ന മിക്ക ഗ്രാമങ്ങളും 2013 ജൂണില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ഒലിച്ച് പോവുകയും ചെയ്തു. ഇപ്പോളുള്ളതില്‍ 3,500 ഗ്രാമങ്ങളിലും തീരെ ചുരുങ്ങിയ എണ്ണത്തിലുള്ള ആളുകളെ ഉള്ളു.

ഗ്രാമത്തില്‍ തന്നെ നിലനില്‍ക്കുന്നതുകൊണ്ട് തങ്ങള്‍ക്ക് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും തങ്ങളുടെ ഭാവി നശിച്ചുപോകുകയേ ഉള്ളുവെന്നും പറഞ്ഞാണ് ഞങ്ങളുടെ മക്കളൊക്കെ ഇവിടം വിട്ട് പട്ടണങ്ങളിലേയ്ക്ക് പോകുന്നതെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. മാറിമാറി വരുന്ന സര്‍ക്കാരും തങ്ങളുടെ ഗ്രാമത്തിന്റെ അടിസ്ഥാന വികസനത്തിനു പോലും ആവശ്യമായ സഹായങ്ങള്‍ ഒന്നും നല്‍കുന്നില്ലെന്നാണ് അവര്‍ പറയുന്നത്.

Related posts