ട്രെയിനിൽ ടിക്കറ്റ് പരിശോധനയ്ക്കിടെ ടിടിഇക്ക് നേരെ യുവതിയുടെ അതിക്രമവും വ്യാജ പരാതി ഭീഷണിയും. ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി സ്വയം വസ്ത്രങ്ങൾ കീറിയെറിഞ്ഞ് ടിടിഇ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
എക്സ്പ്രസ് ട്രെയിനിൽ ടിക്കറ്റ് ചോദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. യുവതിയുടെ പക്കൽ സാധുവായ ടിക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് പറയപ്പെടുന്നു. തുടർന്ന് പകരം പണം നൽകാൻ ശ്രമിക്കുകയും, തന്റെ സഹോദരൻ റെയിൽവേ ജീവനക്കാരനാണെന്ന് അവകാശപ്പെടുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ, ഫോണിൽ സഹോദരനോട് സംസാരിക്കുന്നതിനിടെ ടിടിഇ തന്നെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് യുവതി ആരോപിച്ചു. അടിയന്തര ഹെൽപ്പ് ലൈൻ നമ്പറായ 112ൽ വിളിച്ച് പരാതിപ്പെടുമെന്നും ഭീഷണിപ്പെടുത്തി.
ചോദ്യം ചെയ്തപ്പോൾ ‘രാധിക തിവാരി’ എന്നാണ് യുവതി പേര് പറഞ്ഞത്. തർക്കത്തിനിടയിൽ ഇവർ സ്വന്തം വസ്ത്രങ്ങൾ കീറുന്നതും, ടിടിഇ മോശമായി സ്പർശിച്ചെന്നും പീഡിപ്പിക്കാൻ ശ്രമിച്ചെന്നും അലറിവിളിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ, ആദ്യഘട്ടം മുതൽ തന്നെ ടിടിഇ സംഭവങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായതോടെ റെയിൽവേ സേവ ഔദ്യോഗികമായി പ്രതികരിച്ചു. കൂടുതൽ വിവരങ്ങളും പിഎൻആർ നമ്പറും പങ്കുവെക്കാൻ ആവശ്യപ്പെട്ട റെയിൽവേ, റെയിൽ മദദ് വഴിയോ 139 എന്ന നമ്പറിലോ പരാതികൾ അറിയിക്കാമെന്നും വ്യക്തമാക്കി. ട്രെയിൻ ഏതാണെന്നോ, സംഭവം നടന്ന കൃത്യമായ സ്ഥലമേതാണെന്നോ ഉള്ള വിവരങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.
