ചുറ്റും സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരുണ്ടെന്ന പരിഗണനപോലുമില്ലാതെ ഓടുന്ന ട്രെയിൻ കോച്ചിൽ മൂത്രമൊഴിച്ചയാൾക്ക് സഹയാത്രക്കാരുടെ കടുത്ത പ്രതിഷേധം. കോച്ചിൽ വെച്ച് മൂത്രമൊഴിച്ചയാളെ യാത്രക്കാർ ചേർന്ന് തല്ലുകയും, തറയിലെ അഴുക്ക് അയാളെക്കൊണ്ടുതന്നെ തുടപ്പിച്ചു വൃത്തിയാക്കിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ഇന്ത്യൻ റെയിൽവേ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തി.
എക്സിൽ പ്രചരിക്കുന്ന വീഡിയോയിൽ, നിറയെ യാത്രക്കാരുള്ള കോച്ചിൽ വെച്ച് ഒരാൾ മൂത്രമൊഴിക്കുന്നതും മറ്റ് യാത്രക്കാർ ഇത് ചോദ്യം ചെയ്യുന്നതും കാണാം. ടോയ്ലറ്റ് ഉപയോഗിക്കാൻ യാത്രക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും, അത് കൂട്ടാക്കാതെ ഇയാൾ വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്ള സ്ഥലത്താണ് ഈ കാണിക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ചപ്പോഴും ഇയാൾ യാതൊരു കുറ്റബോധവുമില്ലാതെ സംസാരിക്കുകയായിരുന്നു.
ഇയാളുടെ ധാർഷ്ട്യം അതിരു കടന്നതോടെ സഹികെട്ട യാത്രക്കാരിലൊരാൾ ഇയാളുടെ കോളറിന് പിടിക്കുകയും കരണത്തടിക്കുകയും ചെയ്തു. തുടർന്ന് മറ്റ് യാത്രക്കാരും ഇതിൽ പങ്കുചേരുകയും, ഇയാൾ വരുത്തിവെച്ച അഴുക്ക് ഇയാളെക്കൊണ്ടുതന്നെ തുടപ്പിച്ചു മാറ്റുകയും ചെയ്തു.
എന്നാൽ ഈ സംഭവം എപ്പോഴാണ് നടന്നതെന്നോ ഏത് ട്രെയിനിലാണ് സംഭവിച്ചതെന്നോ വീഡിയോയിൽ വ്യക്തമല്ല. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ വിഡിയോ പങ്കുവെച്ചയാളോട് ‘റെയിൽവേ സേവ’ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.
യാത്രക്കാരൻ കോച്ചിൽ കാണിച്ച ഈ പെരുമാറ്റം സോഷ്യൽ മീഡിയയിൽ വലിയ അമ്പരപ്പും രോഷവുമാണ് ഉണ്ടാക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട അടിസ്ഥാനപരമായ പൗരബോധത്തെക്കുറിച്ച് ആളുകൾ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് ജനങ്ങൾ ഇതിനോട് പ്രതികരിക്കുന്നത്.

