അമ്മയുടെ ലുക്ക് പോരെന്ന കാരണത്താൽ സ്വന്തം വിവാഹത്തിൽ നിന്ന് അമ്മയെ ഒഴിവാക്കിയ ജീവനക്കാരനെ ചൈനീസ് വ്യവസായി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഹെനാൻ കുവാങ്ഷാൻ ക്രെയ്ൻ കമ്പനിയുടെ സ്ഥാപകനും ചെയർമാനായ കുയി പെയ്ജുൻ ആണ് തന്റെ ജീവനക്കാരനെതിരെ ഈ കർശന നടപടി സ്വീകരിച്ചത്. തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ ബോണസ് നൽകി ‘ചൈനയിലെ ഏറ്റവും ഉദാരമനസ്കനായ ബോസ്’ എന്ന് പേരെടുത്ത വ്യക്തിയാണ് കുയി.
കമ്പനിയിൽ നടന്ന ഒരു ട്രെയിനിംഗ് പരിപാടിക്കിടെയാണ് സിഇഒ കുയി പെയ്ജുൻ ഈ സംഭവം പരസ്യമായി വെളിപ്പെടുത്തിയത്. ജീവനക്കാരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം, വരന്റെ അമ്മ ഫാക്ടറിക്ക് സമീപം ഒറ്റയ്ക്ക് ഇരിക്കുന്നത് കാണാനിടയായി. കാഴ്ചയിൽ ലജ്ജിച്ച് താൻ അമ്മയെ ക്ഷണിച്ചില്ലെന്ന് ജീവനക്കാരൻ സമ്മതിച്ചതോടെ കുയി അദ്ദേഹത്തെ ഉടനടി ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.
കുട്ടിക്ക് രണ്ട് വയസുള്ളപ്പോൾ ഭർത്താവ് മരിച്ചതിനെ തുടർന്ന് ആ അമ്മ ഒറ്റയ്ക്കാണ് മകനെ വളർത്തി വലുതാക്കിയത്. പിന്നീട് ജീവനക്കാരൻ തിരികെ എത്തി മാപ്പപേക്ഷിച്ച് ജോലി ചോദിച്ചെങ്കിലും കുയി തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. തുടർന്ന് ആ അമ്മയ്ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനായി കമ്പനിയുടെ ലോജിസ്റ്റിക്സ് വിഭാഗത്തിൽ അതേ ശമ്പളത്തിൽ അദ്ദേഹം ജോലി നൽകി.
ഈ സംഭവം ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൻ ചർച്ചകൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. മാതാപിതാക്കളോട് നന്ദിയില്ലാത്ത ആളുകളെ കമ്പനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞ് ഒരു വിഭാഗം ആളുകൾ ബോസിന്റെ തീരുമാനത്തെ പിന്തുണച്ചു. എന്നാൽ വ്യക്തിപരമായ ധാർമ്മികതയുടെ പേരിൽ ഒരാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് തൊഴിൽ നിയമങ്ങളുടെ ലംഘനമാണെന്ന് മറ്റുള്ളവർ വാദിക്കുന്നു.
ഒരു വ്യക്തിയുടെ സ്വകാര്യ കാര്യങ്ങളിൽ മുതലാളിമാർ ന്യായാധിപന്മാരായി മാറരുതെന്നും നിയമമാണ് നീതി ഉറപ്പാക്കേണ്ടതെന്നും ചിലർ അഭിപ്രായപ്പെടുന്നു. തൊഴിൽപരമായ മികവും വ്യക്തിഗത നിലപാടുകളും രണ്ടായി കാണണമെന്ന വിമർശനവും ഉയരുന്നുണ്ട്.
