ഉള്ളൂർ: പ്രസവശേഷം ശിശുവിനെ ക്ലോസെറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവതിക്കും ആൺസുഹൃത്തിനുമെതിരേ മെഡിക്കൽ കോളജ് പോലീസ് കേസെടുത്തു. തിരുവല്ലം സ്വദേശിനിയായ പത്തൊന്പതുകാരിക്കും അയൽവാസിയായ ഇരുപത്തിയഞ്ചുകാരനായ യുവാവിനുമെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിച്ചതിനാണു യുവാവിനെതിരേ കേസെടുത്തത്. ഗർഭഛിദ്രത്തിലൂടെ കുഞ്ഞിനെ ഉപേക്ഷിച്ചതിനാണു യുവതിക്കെതിരേ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ രാത്രി എട്ടോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലായിരുന്നു സംഭവം. തിരുവല്ലം സ്വദേശിനിയായ 19 കാരിയാണ് ആശുപത്രി ശുചിമുറിയിലെ ക്ലോസെറ്റിൽ പ്രസവിച്ചത്. പ്രസവിച്ചശേഷം ശിശുവിനെ ക്ലോസറ്റിനുള്ളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവം പുറത്തിറഞ്ഞതോടെ യുവതി സ്വമേധയാ ആശുപത്രിയിലെത്തിയതാണെന്നും അത്യാഹിത വിഭാഗത്തിലിരിക്കുന്നതിനിടെ വയറുവേദന അനുഭവപ്പെട്ടാണ് ശുചിമുറിയിൽ പോയതെന്നും വ്യക്തമാക്കുകയായിരുന്നു.
യുവതി ഗർഭഛിദ്രത്തിനുള്ള ഗുളികകൾ കഴിച്ചിരുന്നെന്നും ശാരീരിക അവശതകൾ ഉണ്ടായതിനെത്തുടർന്നാണ് ആശുപത്രിയിൽ എത്തിയതെന്നും പറയുന്നു. അമിതമായി ഗുളികകൾ കഴിച്ചതാണ് രാത്രിയിൽ ശാരീരിക അസ്വസ്ഥത കലശലാകാൻ കാരണമായത്. എന്നാൽ പിന്നീട് വയറുവേദന കൂടിയതോടെ ആശുപത്രി ശുചിമുറിയിലേക്കു കയറുകയായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞിട്ടും യുവതി പുറത്തുവരാതായതോടെ സമീപത്തുള്ളവർ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ് ആശുപത്രിയിൽ യുവതിയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും എത്തിയിരുന്നു. അതേസമയം ഈ വിവരം ഇപ്പോൾ മാത്രമാണ് അറിയാവുന്നതെന്നാണ് രക്ഷിതാക്കൾ പോലീസിനു നൽകിയിരിക്കുന്ന മൊഴി.
ഫയർഫോഴ്സ് തിരുവനന്തപുരം യൂണിറ്റിൽനിന്ന് ഉദ്യോഗസ്ഥരെത്തിയാണ് ക്ലോസറ്റിനുള്ളിൽനിന്ന് ഏറെക്കുറെ വളർച്ച പൂർത്തിയായ ആൺകുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്. പിന്നീട് ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സയിലുള്ള യുവതിയെ വിശദമായി ചോദ്യം ചെയ്യുമെന്നു മെഡിക്കൽ കോളജ് പോലീസ് അറിയിച്ചു.
