പല്ലുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 63കാരന്റെ വായിലുണ്ടായിരുന്ന ബാക്കി പല്ലുകളെല്ലാം പിഴുതെടുത്ത സംഭവം സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. അതോടൊപ്പം അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്ത ചൈനയിലെ ദന്താശുപത്രിക്കെതിരെ അധികൃതർ നടപടിയെടുത്തു.
ചൈനയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഷാൻസിയിലെ ബയോജി സ്വദേശിയായ മിസ്റ്റർ ലി എന്നയാൾക്കാണ് ഈ ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇദ്ദേഹം ‘ദതുവാൻയുവാൻ ഡെന്റൽ ക്ലിനിക്ക്’ സന്ദർശിച്ചത്. രാവിലെ പല്ല് വെക്കൂ, ഉച്ചയ്ക്ക് ഇറച്ചി കഴിക്കൂ, പൂർണമായ പല്ലുകളോടെ 100 വയസ്സുവരെ ജീവിക്കൂ” തുടങ്ങിയ ആകർഷകമായ പരസ്യങ്ങളിൽ വീണാണ് ലി ഈ ക്ലിനിക്കിൽ എത്തിയത്.
ആശുപത്രി അധികൃതർ ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാൻ വണ്ടി അയക്കുകയും സൗജന്യ പരിശോധന വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ പരിശോധനയ്ക്കിടയിൽ ക്ലിനിക്കിലെ ജീവനക്കാർ അദ്ദേഹത്തിന്റെ 12 പല്ലുകൾ പിഴുതെടുക്കുകയും പകരം 10 ഇംപ്ലാന്റുകൾ ഘടിപ്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെ ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഡിജിറ്റൽ വാലറ്റുകളിൽ നിന്നും 18,800 യുവാൻ (ഏകദേശം 2.6 ലക്ഷം രൂപ) ആശുപത്രി അധികൃതർ തട്ടിയെടുക്കുകയായിരുന്നു.
ഇതിനുപുറമെ 6,200 യുവാൻ (ഏകദേശം 87,000 രൂപ) കുടിശ്ശികയുണ്ടെന്ന ബില്ലും നൽകി. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ ക്ലിനിക്കിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്റെ മകൻ എന്നെ കണ്ടെത്തുമ്പോൾ, എന്റെ വായ നിറയെ ചോരയായിരുന്നു. നാട്ടിലേക്ക് മടങ്ങാൻ ബസ് ചാർജ്ജായി വെറും 30 യുവാൻ (ഏകദേശം 420 രൂപ) മാത്രമാണ് എന്റെ പക്കൽ ബാക്കിയുണ്ടായിരുന്നത്,” ലി മാധ്യമങ്ങളോട് പറഞ്ഞു.
ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള ആളായിരുന്നു ലി എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഹൃദയത്തിൽ നാല് സ്റ്റെന്റുകൾ ഘടിപ്പിച്ച വ്യക്തി കൂടിയാണ് ലീ. പ്രമേഹവും ഹൃദ്രോഗവുമുള്ള രോഗികളിൽ പല്ല് പിഴുതെടുക്കുന്നതും പെട്ടെന്ന് ഇംപ്ലാന്റുകൾ വെയ്ക്കുന്നതും കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
2024ൽ ചൈനയിൽ തന്നെ 23 പല്ലുകൾ പിഴുത് 12 ഇംപ്ലാന്റുകൾ വെച്ച മറ്റൊരു വ്യക്തി 13 ദിവസങ്ങൾക്ക് ശേഷം മരണപ്പെട്ടിരുന്നു. ചികിത്സയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ലിയുടെ കുടുംബം ആരോഗ്യവകുപ്പിന് മൂന്ന് പരാതികൾ നൽകിയിട്ടുണ്ട്. ചികിത്സാ രേഖകളിൽ തിരിമറി നടത്തിയതായും, ഒരു ഘട്ടത്തിൽ ലിയുടെ ലിംഗം ‘സ്ത്രീ’ എന്നാണ് രേഖകളിൽ കാണിച്ചതെന്നും കുടുംബം ആരോപിക്കുന്നു. ഹൃദ്രോഗ പരിശോധനയുടെ രേഖകൾ ചികിത്സ കഴിഞ്ഞ് ആറ് മാസങ്ങൾക്ക് ശേഷമാണ് ക്ലിനിക്ക് നൽകിയത്.
പരാതിയെ തുടർന്ന് രോഗിയിൽ നിന്ന് ഈടാക്കിയ തുക മുഴുവൻ തിരികെ നൽകാൻ അധികൃതർ ക്ലിനിക്കിനോട് ഉത്തരവിട്ടു. കൂടാതെ, വീഴ്ചകൾ പരിഹരിക്കുന്നതുവരെ ക്ലിനിക്കിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെയ്പ്പിക്കുകയും ചെയ്തിട്ടുണ്ട്.
