വീട്ടിൽ തയ്യാറാക്കുന്ന പ്രത്യേക കഫേ ശൈലിയിലുള്ള ഭക്ഷണത്തിന് ഭർത്താവിൽ നിന്ന് 1,000 രൂപ ഈടാക്കുന്ന വീഡിയോ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ട ഗുരുഗ്രാം സ്വദേശിനിയും കണ്ടന്റ് ക്രിയേറ്ററുമായ പ്രിയ മറുപടിയുമായി രംഗത്ത്. തങ്ങൾ പരസ്പരം പണം ഈടാക്കുകയല്ല, മറിച്ച് പാചകത്തിന് പിന്നിലെ അധ്വാനത്തെയും സമയത്തെയും അർഹിക്കുന്ന രീതിയിൽ മാനിച്ച് അംഗീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് പ്രിയ വ്യക്തമാക്കുന്നു.
ഫാഷൻ ഡിസൈനറായിരുന്ന പ്രിയ 2023ലാണ് വിവാഹിതയാകുന്നത്. വിവാഹശേഷം വീട്ടുജോലികളും ഉത്തരവാദിത്തങ്ങളും പങ്കുവെക്കുന്നതിനെക്കുറിച്ചുള്ള സംസാരിക്കവേ ഒരു തമാശയായിട്ടാണ് ഈ രീതി ആരംഭിച്ചത്. “വീട്ടിൽ കഫേ ശൈലിയിലുള്ള ഭക്ഷണം ഉണ്ടാക്കുമ്പോൾ അത് എപ്പോഴും സൗജന്യമായിരിക്കണം എന്ന് നിർബന്ധമില്ലല്ലോ” എന്ന് തമാശയായി പറഞ്ഞപ്പോൾ, പുറത്തെ കഫേയിൽ നിന്ന് കഴിക്കുന്നതിനേക്കാൾ മികച്ച ഭക്ഷണം വീട്ടിൽ ലഭിക്കുമ്പോൾ 1,000 രൂപ ഭാര്യയ്ക്ക് നൽകാൻ സന്തോഷമേയുള്ളൂ എന്ന് ഭർത്താവ് സമ്മതിക്കുകയായിരുന്നു.
ഇന്ന് ഓരോ തവണ പ്രത്യേക ഭക്ഷണം ഉണ്ടാക്കുമ്പോഴും ഭർത്താവ് 1,000 രൂപ പ്രിയക്ക് കൈമാറും. അങ്ങനെ പ്രതിമാസം 15,000 മുതൽ 20,000 രൂപ വരെ പ്രിയ സമ്പാദിക്കുന്നുണ്ട്. ഈ തുക ഭാവിയിൽ സ്വന്തമായി ഒരു ഫുഡ് ബിസിനസ്സ് ആരംഭിക്കാനായി പ്രിയ സമ്പാദിച്ചുവെക്കുകയാണ് ചെയ്യുന്നത്. കുടുംബത്തിനുള്ളിൽ തന്നെ നിൽക്കുന്ന പണമായതിനാൽ ഇതിൽ നെഗറ്റീവ് ആയി ഒന്നുമില്ലെന്നും, ഒരു വീട്ടമ്മ ചെയ്യുന്ന അദൃശ്യമായ അധ്വാനത്തെ അംഗീകരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും അവർ പറയുന്നു.
എന്നാൽ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലായതോടെ വലിയ വിമർശനങ്ങളാണ് ഉയർന്നുവന്നത്. “പണത്തോട് ആർത്തിയുള്ളവൾ”, “വാടകയ്ക്കും മറ്റ് ചെലവുകൾക്കും ഭർത്താവ് പണം ചോദിച്ചാൽ എന്ത് ചെയ്യും?”, “ഭർത്താവിനോട് സ്നേഹമില്ല” എന്നിങ്ങനെ കടുത്ത പ്രതികരണങ്ങളാണ് ട്രോളന്മാരിൽ നിന്ന് പ്രിയയ്ക്ക് നേരിടേണ്ടി വന്നത്.
ആദ്യമൊക്കെ ഇത്തരം വിമർശനങ്ങൾ തന്നെ വിഷമിപ്പിച്ചിരുന്നുവെങ്കിലും, പിന്നീട് നിരവധി സ്ത്രീകൾ തനിക്ക് പിന്തുണയുമായി എത്തിയതായി പ്രിയ പറയുന്നു. തങ്ങൾ രണ്ടുപേരും ഒരു സോഷ്യൽ സ്റ്റേറ്റ്മെന്റ് നടത്താൻ ഉദ്ദേശിച്ചതല്ലെന്നും, തങ്ങളുടെ ദാമ്പത്യ ജീവിതത്തിന് സന്തോഷം നൽകുന്ന ഒരു രസകരമായ ആചാരമാണിതെന്നും അവർ വ്യക്തമാക്കി.
