ഹൈദരാബാദിൽ 102 ഡിഗ്രി കടുത്ത പനി മൂലം കഷ്ടപ്പെട്ട പർവ് ശർമ്മ എന്ന യാത്രക്കാരന്റെ നഷ്ടപ്പെട്ട വാലറ്റ് തിരികെ നൽകി റാപ്പിഡോ ഡ്രൈവറായ നരേഷ് മാതൃകയായി. കിംസ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് തനിക്ക് വാലറ്റ് നഷ്ടപ്പെട്ട കാര്യം പർവ് തിരിച്ചറിഞ്ഞത്. കടുത്ത പനിയും ശരീരവേദനയും കൊണ്ട് അവശനായ അവസ്ഥയിലായിരുന്നതിനാൽ ഈ സംഭവം അദ്ദേഹത്തെ ഏറെ പരിഭ്രാന്തനാക്കി.
തുടര്ന്ന് പർവ് ഡ്രൈവറെ ഫോണിൽ ബന്ധപ്പെടുകയും വാഹനം പരിശോധിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. വാലറ്റ് കിട്ടിയിട്ടുണ്ടെന്ന് ഉറപ്പുനൽകിയ ഡ്രൈവർ, അത് സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ തിരികെ എത്തിക്കാമെന്നും അറിയിച്ചു. പർവ്വിന്റെ ആശങ്കയകറ്റാനായി ഡ്രൈവർ നരേഷ് എട്ട് മണിക്കൂറുകളോളം തന്റെ ലൈവ് ലൊക്കേഷൻ വാട്ട്സ്ആപ്പിലൂടെ പങ്കുവെക്കുകയും ചെയ്തു.
പരിഭ്രമം കാരണം പർവ് പലതവണ ഫോണിൽ വിളിച്ചെങ്കിലും നരേഷ് ഒരിക്കൽ പോലും ദേഷ്യപ്പെടാതെ ക്ഷമയോടെ മറുപടി നൽകി. ഒടുവിൽ വാലറ്റിലെ പണവും രേഖകളും പൂർണ്ണമായും സുരക്ഷിതമായി പർവ്വിന് തിരികെ ലഭിച്ചു. ഡ്രൈവറുടെ ഈ മികച്ച സേവനത്തിന് അദ്ദേഹത്തിന് അർഹമായ ബോണസും അംഗീകാരവും നൽകണമെന്ന് പർവ് റാപ്പിഡോ കമ്പനിയോട് ആവശ്യപ്പെട്ടു.
ഈ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ റാപ്പിഡോ കമ്പനി ഡ്രൈവറെ പരസ്യമായി അഭിനന്ദിച്ച് രംഗത്തെത്തി. ഉപഭോക്താക്കൾക്കായി ആത്മാർഥമായി പ്രവർത്തിക്കുന്ന ഡ്രൈവർമാരെ അഭിനന്ദിക്കുന്നതായി കമ്പനി വ്യക്തമാക്കി. നരേഷിന്റെ സത്യസന്ധതയെയും ക്ഷമയെയും പ്രശംസിച്ച് നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിൽ കമന്റുകൾ പങ്കുവെക്കുന്നത്.
