പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നുള്ള ‘സൈക്കിൾ ആംബുലൻസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വൻ പരിഹാസവും ട്രോളുകളുമാണ് നേരിടേണ്ടി വരുന്നത്. ലോക രാജ്യങ്ങൾ എയർ ആംബുലൻസുകളിലേക്കും ഡ്രോൺ അധിഷ്ഠിത മെഡിക്കൽ സേവനങ്ങളിലേക്കും മാറുമ്പോൾ, പാകിസ്ഥാൻ കാലിന് ചവിട്ടുന്ന സൈക്കിൾ ആംബുലൻസുകളുമായി ഇറങ്ങിയിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.
കറാച്ചി മേയർ ബാരസ്റ്റർ മുർതസ വഹാബ് അടുത്തിടെ ഉദ്ഘാടനം ചെയ്ത പദ്ധതിയാണിതെന്ന രീതിയിലാണ് ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നത്. “ലോകത്തിന് പാകിസ്ഥാന്റെ വക അപൂർവ്വ സമ്മാനം”, “മനുഷ്യകുലം ഈ കണ്ടുപിടുത്തം എന്നും ഓർക്കും” എന്നിങ്ങനെ പരിഹാസരൂപേണയുള്ള നിരവധി കമന്റുകളാണ് എക്സ് പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെടുന്നത്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൻ രീതിയിൽ ട്രോളുകൾ നേരിടുന്നുണ്ടെങ്കിലും, ഈ സൈക്കിൾ ആംബുലൻസ് സർവീസ് അടുത്തിടെ തുടങ്ങിയ ഒന്നല്ല എന്നതാണ് യാഥാർഥ്യം. 2025 മേയ് മാസത്തിലാണ് സിന്ധ് ഇന്റഗ്രേറ്റഡ് എമർജൻസി ആൻഡ് ഹെൽത്ത് സർവീസസ് ഒരു പൈലറ്റ് പ്രോജക്റ്റായി ഈ പദ്ധതി കറാച്ചിയിൽ ആരംഭിച്ചത്.
കറാച്ചിയിലെ തിങ്ങിനിറഞ്ഞ ജനവാസ മേഖലകളിലും, വീതികുറഞ്ഞ ഇടവഴികളിലും വലിയ ആംബുലൻസുകൾക്ക് വേഗത്തിൽ എത്താൻ സാധിക്കാത്ത സാഹചര്യം നേരിടാനാണ് ഈ മാർഗ്ഗം സ്വീകരിച്ചത്. പ്രത്യേകമായി സജ്ജീകരിച്ച മൗണ്ടൻ ബൈക്കുകളിൽ ഫസ്റ്റ് എയ്ഡ് കിറ്റുകൾ, ഓക്സിജൻ മാസ്കുകൾ, നെബുലൈസറുകൾ, ബ്ലഡ് ഷുഗർ പരിശോധിക്കാനുള്ള ഉപകരണങ്ങൾ എന്നിവ ലഭ്യമാണ്.
വിദഗ്ദ്ധ പരിശീലനം ലഭിച്ച വളണ്ടിയർമാർ സാധാരണ ആംബുലൻസുകൾ എത്തുന്നതുവരെ രോഗികൾക്ക് അടിയന്തിര പ്രാഥമിക ചികിത്സ നൽകുന്നു. പരിശീലനം ലഭിച്ച വനിതാ വളണ്ടിയർമാരാണ് ഈ സേവനത്തിന് നേതൃത്വം നൽകുന്നത് എന്നത് പദ്ധതിയുടെ മറ്റൊരു പ്രത്യേകതയാണ്.
പരിഹാസങ്ങൾ ഉയരുന്നുണ്ടെങ്കിലും, കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിൽ വേഗത്തിൽ വൈദ്യസഹായം എത്തിക്കാൻ ഇത് ഏറ്റവും കുറഞ്ഞ ചെലവിൽ നടപ്പാക്കാവുന്ന പ്രായോഗികമായ മാർഗ്ഗമാണെന്നാണ് ഒരു വിഭാഗം ആളുകൾ ചൂണ്ടിക്കാണിക്കുന്നത്.
