മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ തിരിച്ചുവരവ് ആഘോഷമാക്കാൻ ഉദ്ദേശിച്ച് പുറത്തിറക്കിയ ദിൻഷാവ്സ് ഐസ്ക്രീം പരസ്യം വലിയ വിമർശനങ്ങൾക്കും തിരിച്ചടിക്കും വഴിതുറന്നു. ഏപ്രിൽ അവസാനത്തോട പുറത്തിറങ്ങിയ ഈ പരസ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.
ദിൻഷാവിന്റെ ‘ദിൽദാരി’ പരമ്പരയുടെ ഭാഗമായുള്ള പുതിയ കോൺ ഐസ്ക്രീം പരസ്യം. ഇതിൽ വിനോദ് കാംബ്ലിയുടെ ജീവിതത്തിലെ ഉയർച്ചതാഴ്ചകളെയാണ് പശ്ചാത്തലമാക്കിയത്.
ജീവിതത്തിൽ കുറച്ചു മാത്രം ലഭിച്ചവർക്ക് കൂടുതൽ നൽകാം, എന്ന ആശയത്തിൽ, ഐസ്ക്രീം കോണിന്റെ അറ്റത്ത് കൂടുതൽ ചോക്ലേറ്റ് നൽകുന്നുവെന്ന് കാണിച്ചുള്ള പരസ്യത്തിലാണ് കാംബ്ലിയെ ഉൾപ്പെടുത്തിയത്.
കാംബ്ലിയുടെ കരിയറിലെയും ജീവിതത്തിലെയും പ്രതിസന്ധികൾ ഐസ്ക്രീം വിൽക്കാൻ വേണ്ടി ഉപയോഗിക്കുന്നത് അനീതിയാണെന്ന് പ്രേക്ഷകർ ചൂണ്ടിക്കാട്ടി. ഇത് സഹതാപത്തിന് പകരം കഷ്ടപ്പാടുകളെ ആഘോഷമാക്കുന്ന രീതിയാണെന്ന് വിമർശനം ഉയർന്നു.
കാംബ്ലിയുടെ കരിയറിലെ അവസരങ്ങൾ നഷ്ടപ്പെട്ടതിനെ നിസാരവത്ക്കരിക്കുന്നതുപോലെ ചെയ്യുന്ന രീതിയിലാണ് പരസ്യം ചിത്രീകരിച്ചതെന്ന് പലരും സോഷ്യൽ മീഡിയയിലൂടെ അഭിപ്രായപ്പെട്ടു. പരസ്യം നിർമിച്ച ഏജൻസി , കാംബ്ലിയോടുള്ള ആദരസൂചകമായാണ് ഇത് ചെയ്തതെന്നും, പോസിറ്റീവായ കാര്യങ്ങളാണ് ഉയർത്തിക്കാട്ടിയതെന്നും വ്യക്തമാക്കി. എന്നിരുന്നാലും, 95% ആളുകൾക്ക് പരസ്യം ഇഷ്ടപ്പെട്ടെന്ന് ഏജൻസി അവകാശപ്പെടുമ്പോൾ തന്നെ ഓൺലൈനിൽ കടുത്ത എതിർപ്പാണ് ഉയർന്നത്.
