ബംഗളൂരു: കാലങ്ങളോളം ആറക്ക ശമ്പളമെന്നത് സാമ്പത്തിക ഭദ്രതയുടെ പ്രതീകമായാണ് കണ്ടിരുന്നത്. എന്നാൽ ടെക്ക് മേഖലയിൽ ആറക്ക ശമ്പളം കൈപ്പറ്റുന്ന സോഫ്ട്വെയർ എഞ്ചിനീയർ വാരാന്ത്യങ്ങളിൽ റാപ്പിഡോ ബൈക്ക് ടാക്സി ഓടിക്കുന്നുവെന്ന സമൂഹ മാധ്യമ കുറിപ്പ് ഈ കണക്കുകൂട്ടലുകളെ ചോദ്യം ചെയ്യുന്നതാണ്. ബംഗളൂരുവിലെ ടെക്കിയുടെ ജീവിതത്തെക്കുറിച്ച് ഷബാസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ചർച്ചയാവുന്നത്.
ബംഗളൂരുവിലെ ബന്നെർഘാട്ടയിലേയ്ക്ക് പോകാനായി റാപ്പിഡോ ബൈക്ക് ടാക്സി ബുക്ക് ചെയ്തതായിരുന്നു ഷബാസ്. യാത്രക്കിടെ ടാക്സി ഡ്രൈവറുമായുണ്ടായ സംഭാഷണത്തെക്കുറിച്ചാണ് കുറിപ്പിലൂടെ യുവാവ് പങ്കുവച്ചത്. കന്നഡയിലാണ് ആദ്യം സംഭാഷണം ആരംഭിച്ചതെന്നും പിന്നീട് ഭാഷ കൃത്യമായി അറിയില്ലെന്ന് വ്യക്തമായതോടെ ഇംഗ്ലീഷിലേക്ക്
മാറിയെന്നും കുറിപ്പിൽ പറയുന്നു. താൻ എന്താണ് ചോദിച്ചതെന്ന് ഡ്രൈവർ ചോദിച്ചതാണ് സംഭാഷണം ആരംഭിക്കാൻ കാരണമെന്നും ഷബാസ് വ്യക്തമാക്കി. കുറിപ്പ് വൈറലായതോടെ മാറുന്ന ജീവിതസാഹചര്യങ്ങളും ഉയരുന്ന ജീവിതച്ചെലവുകളും യുവാക്കൾക്കിടയിൽ ആശങ്ക ഉയർത്തുകയാണ്. പണപ്പെരുപ്പം, ചെലവുകൾ, സ്കൂൾ ഫീസ്, പ്രധാന മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ കുടുംബങ്ങൾ നേരിടുന്ന സാമ്പത്തിക സമ്മർദ്ദങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കും ഈ കുറിപ്പ് വഴിവച്ചു.
ബന്നെർഘാട്ടയിലേയ്ക്ക് യാത്ര ചെയ്യുന്നതിനിടെ ഒരു റാപ്പിഡോ ബുക്ക് ചെയ്തു. 35കാരനായ റൈഡർ ആദ്യം കന്നഡയിലാണ് സംസാരിച്ചുതുടങ്ങിയത്. എന്റെ കന്നഡ മോശമാണെന്ന് മനസിലായതോടെ ഇംഗ്ലീഷിലായി സംസാരം. ഞാൻ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. സോഫ്ട്വെയർ എഞ്ചിനീയറാണെന്ന് ഞാൻ മറുപടി നൽകി. അപ്പോൾ അയാളും ഒരു മൾട്ടിനാഷണൽ കമ്പനിയിൽ സോഫ്ട്വെയർ എഞ്ചിനീയറായി ജോലി നോക്കുകയാണെന്നും ആറക്ക ശമ്പളമുണ്ടെന്നും പറഞ്ഞു. വിവാഹിതനാണെന്നും ഒരു കുഞ്ഞുണ്ടെന്നും കുടുംബത്തെ പിന്തുണയ്ക്കാൻ വാരാന്ത്യങ്ങളിൽ റാപ്പിഡോ ഓടിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ദേഹം പറഞ്ഞ കാര്യം എന്നെ ഇരുത്തിച്ചിന്തിപ്പിച്ചു. നല്ല ടെക് ജോലിയും ആറക്ക ശമ്പളവുമുള്ള ഒരാൾക്ക് ഒരു വാരാന്ത്യ ജോലിയുടെകൂടി ആവശ്യം വരുന്നുവെങ്കിൽ ബംഗളൂരുവിലും മറ്റ് ടയർ-1 നഗരങ്ങളിലും ജീവിതം എത്രത്തോളം ചെലവേറിയതായി മാറിയിരിക്കുകയാണ്?
