തന്റെ ജീവിതത്തിൽ ആദ്യമായി ദക്ഷിണേന്ത്യ സന്ദർശിച്ചതിന്റെ വേറിട്ട അനുഭവങ്ങളും നിരീക്ഷണങ്ങളും പങ്കുവെച്ച് വടക്കേന്ത്യൻ യുവാവ്. ഉത്തരേന്ത്യയെ അപേക്ഷിച്ച് ദക്ഷിണേന്ത്യൻ നഗരങ്ങൾ കൂടുതൽ ശാന്തവും വൃത്തിയുള്ളതുമാണെന്നും, പൊതുസ്ഥലങ്ങളിലെ ജനങ്ങളുടെ പെരുമാറ്റത്തിലും നഗര ആസൂത്രണത്തിലും വ്യക്തമായ വ്യത്യാസങ്ങളുണ്ടെന്നും 27കാരനായ അവിജീത് കുറിച്ചു.
തന്റെ ജീവിതത്തിൽ ഇതുവരെ മുംബൈയ്ക്ക് തെക്കോട്ട് യാത്ര ചെയ്തിട്ടില്ലാത്ത വ്യക്തിയാണ് പേഴ്സണൽ ബ്രാൻഡിംഗ് സ്ട്രാറ്റജിസ്റ്റായ അവിജീത്. ചെന്നൈയിൽ എത്തിയതിന് പിന്നാലെ തന്റെ എക്സ് ഹാൻഡിലിലൂടെയാണ് അദ്ദേഹം ഈ അനുഭവങ്ങൾ പങ്കുവെച്ചത്.
“ഞാൻ ചെന്നൈയിൽ ഇറങ്ങിയതേയുള്ളൂ. ഡൽഹിയിൽ നിന്നും തികച്ചും വ്യത്യസ്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളതെന്ന് പറയാതിരിക്കാൻ കഴിയില്ല. എന്റെ 27 വർഷത്തെ ജീവിതത്തിനിടയിൽ ആദ്യമായാണ് ഞാൻ തെക്കേ ഇന്ത്യയിലേക്ക് വരുന്നത്. അതുകൊണ്ട് തന്നെ ഇവിടുത്തെ നല്ലതും ചീത്തയുമായ എല്ലാ അനുഭവങ്ങളും എനിക്ക് പുതിയതാണ്,” അവിജീത് കുറിച്ചു.
തന്റെ പോസ്റ്റിനൊപ്പം ചെന്നൈ റെയിൽവേ സ്റ്റേഷന്റെയും ക്യാബ് പാർക്കിംഗ് ഏരിയയുടെയും ചിത്രങ്ങളും, ദക്ഷിണേന്ത്യൻ വിഭവങ്ങളായ ഇഡ്ഡലിയും മേദുവാടയും കഴിക്കുന്ന ചിത്രങ്ങളും അവിജീത് പങ്കുവെച്ചിട്ടുണ്ട്. വളരെ അച്ചടക്കമുള്ളതും വ്യവസ്ഥാപിതവുമായ ഒരു ആദ്യ മണിക്കൂറാണ് ചെന്നൈ സമ്മാനിച്ചതെന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഈ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെന്നൈയിലെ ഭക്ഷണത്തെയും മികച്ച ഇൻഫ്രാസ്ട്രക്ചറിനെയും പ്രശംസിച്ചുകൊണ്ട് നിരവധിപ്പേർ പോസ്റ്റിന് താഴെ കമന്റുകളുമായി
രംഗത്തെത്തി.
