ഐഐഎം ബോധ് ഗയയിൽ നിന്നും എംബിഎ പാസായ ഒരു ഉദ്യോഗാർത്ഥിക്ക് ഡൽഹിയിലെ കമ്പനിയിൽ ജോലി വാഗ്ദാനം ലഭിക്കുകയും, അവിടെ എത്തിയപ്പോൾ ഓഫീസ് കണ്ടെത്താൻ കഴിയാതെ വരികയും ചെയ്ത സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
ലിങ്ക്ഡ് ഇൻ പോസ്റ്റിലൂടെയാണ് യുവതി ഈ ദുരനുഭവത്തെകുറിച്ച് പങ്കുവയ്ക്കുന്നത്. ഡൽഹിയിലെക്കുള്ള താമസമാറ്റത്തിനായും ചെലവുകൾക്കായും തനിക്ക് 75000 രൂപയോളം ചിലവഴിക്കേണ്ടി വന്നതായും യുവതി വെളിപ്പെടുത്തി.
ഐഐഎം ബോധ് ഗയയിലെ 2026 ബാച്ച് എംബിഎ ബിരുദധാരിയായ യുവതിക്ക് ഔദ്യോഗിക ഓഫർ ലെറ്ററും ജോയിനിങ് തീയതിയും ലഭിച്ചിരുന്നു.മേയ് 4ന് നൽകിയിരുന്ന ഓഫീസ് വിലാസത്തിൽ എത്തിയെങ്കിലും അവിടെ അങ്ങനെയൊരു ഓഫീസ് പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. രണ്ടു മണിക്കൂറോളം കാത്തുനിന്നിട്ടും ഫോൺ കോളുകൾക്കോ സന്ദേശങ്ങൾക്കോ മറുപടി ലഭിച്ചില്ലെന്നും യുവതി പറയുന്നു.
പിന്നീട് കമ്പനിയിൽ നിന്നും ഓഫീസ് സ്പേസിന്റെ ലീസ് കാലാവധി കഴിഞ്ഞു, എന്ന മറുപടിയാണ് തനിക്ക് ഓഫീസിൽ നിന്ന് ലഭിച്ചതെന്ന് യുവതി വ്യക്തമാക്കുന്നു. റീലൊക്കേഷൻ തുക തിരികെ ആവശ്യപ്പെട്ടപ്പോൾ കമ്പനി സിഇഒ ഫോൺ കോളുകളിലും സോഷ്യൽ മീഡിയയിലും തന്നെ ബ്ലോക്ക് ചെയ്തതായും യുവതി കൂട്ടിച്ചേർത്തു.
യുവതിയുടെ ലിങ്ക്ഡ് ഇൻ പോസ്റ്റ് വളരെ വേഗംതന്നെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും അതിനോട് പ്രതികരിച്ച് പലരും രംഗത്തെത്തുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ ആളുകൾ ഇതിനോട് അനുകൂലിച്ചും കമന്റുകൾ രേഖപ്പെടുത്തി. സമാന ദുരനുഭവങ്ങളാണ് പലരും കമന്റ് ബോക്സിൽ കുറിച്ചത്.
