ടോക്കിയോയിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ ഹൃദ്യമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ആകാൻക്ഷ എന്ന വിനോദസഞ്ചാരി. വഴി ചോദിച്ച തങ്ങൾക്ക് വെറുതെ ദിശ കാണിച്ചുതരുന്നതിന് പകരം, ശരിയായ ട്രെയിൻ സ്റ്റേഷനിൽ എത്തിക്കാൻ കൂടെ നടന്ന രണ്ട് ജാപ്പനീസ് പെൺകുട്ടികളുടെ ദയയെക്കുറിച്ചാണ് ആകാൻക്ഷ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. അപരിചിതർക്ക് കാണിക്കാൻ കഴിയുന്ന സ്നേഹത്തിന്റെ വലിയൊരു ഉദാഹരണമായി ഈ സംഭവം സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.
പെൺകുട്ടികൾക്ക് തങ്ങളുടെ പേര് പോലും അറിയില്ലായിരുന്നുവെന്നും, സഹായിക്കേണ്ട യാതൊരു ബാധ്യതയും അവർക്കില്ലായിരുന്നുവെന്നും ആകാൻക്ഷ കുറിച്ചു. വെറുമൊരു വഴി കാട്ടലിനപ്പുറം തങ്ങളുടെ വിലപ്പെട്ട സമയവും സ്നേഹവും നൽകി ജീവിതകാലം മുഴുവൻ ഓർക്കാൻ കഴിയുന്ന മനോഹരമായ ഒരു ഓർമയാണ് അവർ സമ്മാനിച്ചതെന്നും യുവതി കൂട്ടിച്ചേർത്തു. ഈ പോസ്റ്റ് ജപ്പാനിലുള്ള ആരെങ്കിലും കാണുകയാണെങ്കിൽ ആ പെൺകുട്ടികളെ കണ്ടെത്താൻ സഹായിക്കണമെന്നും, അന്ന് അവർക്ക് വേണ്ടത്ര നന്ദി പറയാൻ കഴിഞ്ഞില്ലെന്നും ആകാൻക്ഷ കുറിച്ചിട്ടുണ്ട്. ഷിബുയ സ്റ്റേഷനിലേക്ക് വഴി ചോദിച്ചതിന് ശേഷം ഈ പെൺകുട്ടികൾ തങ്ങൾക്കൊപ്പം നടന്നുപോകുന്ന വീഡിയോയും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ജപ്പാനിൽ ആരോടെങ്കിലും വഴി ചോദിച്ചാൽ അവർ ലക്ഷ്യസ്ഥാനത്ത് എത്തിച്ചിട്ടേ മടങ്ങൂ എന്ന് പലരും പറയാറുണ്ടെന്നും, അത് തങ്ങളുടെ ജീവിതത്തിൽ അക്ഷരംപ്രതി ശരിയായിരിക്കുകയാണെന്നും വീഡിയോയിൽ സഞ്ചാരികൾ പറയുന്നു. ഷിബുയ സ്റ്റേഷൻ എവിടെയാണെന്ന് ചോദിച്ചപ്പോൾ കഴിഞ്ഞ 5-10 മിനിറ്റായി ആ പെൺകുട്ടികൾ തങ്ങൾക്കൊപ്പം നടക്കുകയാണെന്ന് അവർ വീഡിയോയിൽ വ്യക്തമാക്കുന്നു. ജപ്പാൻ സുന്ദരമാകുന്നത് അവിടുത്തെ പ്രകൃതിഭംഗി കൊണ്ടോ സംസ്കാരം കൊണ്ടോ മാത്രമല്ല, മറിച്ച് അവിടുത്തെ ജനങ്ങൾ കൊണ്ടാണെന്നും അവർ കൂട്ടിച്ചേർത്തു.
ഭാഷാപരമായ തടസ്സങ്ങൾ ഉണ്ടായെങ്കിലും ‘ഗിൻസ ലൈൻ’ എന്ന് മാത്രമാണ് ആ പെൺകുട്ടികൾക്ക് മനസ്സിലായത്. തുടർന്ന് മിയാഷിത പാർക്കിൽ നിന്നും ഷിബുയ സ്റ്റേഷനിലെ ഗിൻസ ലൈൻ വരെ ഏകദേശം 15 മിനിറ്റോളം അവർ സഞ്ചാരികൾക്കൊപ്പം നടക്കുകയും, അവർ ശരിയായ ട്രെയിനിൽ തന്നെയാണ് കയറിയതെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. യാത്രയിലുടനീളം ചിരിച്ചും സംസാരിച്ചും സന്തോഷത്തോടെയാണ് അവർ തങ്ങളെ നയിച്ചതെന്നും, അപ്രതീക്ഷിതമായി സംഭവിച്ച കാര്യങ്ങളുടെ ആശ്ചര്യത്തിലായിരുന്നതിനാൽ പെൺകുട്ടികളുടെ പേര് ചോദിക്കാൻ കഴിഞ്ഞില്ലെന്നും ആകാൻക്ഷ പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ പങ്കുവെച്ചതോടെ ജപ്പാൻ യാത്രയ്ക്കിടെ തങ്ങൾക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കി നിരവധി പേർ രംഗത്തെത്തി. “വളരെ ഹൃദ്യമായ അനുഭവം”, “ലോകത്തിലെ എല്ലാവരും ഇവരെപ്പോലെ ആയിരുന്നെങ്കിൽ”, എന്നിങ്ങനെ വലിയ രീതിയിലുള്ള നല്ല പ്രതികരണങ്ങളാണ് ഈ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
