ഓൺലൈൻ ലോകത്ത് തട്ടിപ്പുകളുടെയും ചതികളുടെയും വാർത്തകൾ നിറഞ്ഞുനിൽക്കുന്ന ഈ കാലഘട്ടത്തിൽ, മനുഷ്യത്വത്തിലും കാരുണ്യത്തിലും വീണ്ടും വിശ്വാസം പകരുന്ന ഒരു സംഭവം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. വഴിയിൽ കളഞ്ഞുപോയ തന്റെ ഡ്രൈവിംഗ് ലൈസൻസ്, ഒട്ടും പരിചയമില്ലാത്ത ഒരു സ്ത്രീ കൊറിയർ വഴി സുരക്ഷിതമായി വീട്ടിലെത്തിച്ചു തന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അങ്കിത് പാണ്ഡെ എന്ന യുവാവ്.
തന്റെ എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെയാണ് അങ്കിത് ഈ അനുഭവം പങ്കുവെച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് തനിക്ക് ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടതായും, സാധ്യമായ എല്ലാ സ്ഥലങ്ങളിലും തെരഞ്ഞെങ്കിലും കണ്ടെത്താൻ കഴിയാത്തതിനാൽ അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതി സമാധാനിക്കുകയായിരുന്നുവെന്നും അങ്കിത് കുറിച്ചു.
എന്നാൽ, കഴിഞ്ഞ ദിവസം അങ്കിതിന്റെ വിലാസത്തിലേക്ക് അപ്രതീക്ഷിതമായി ഒരു കൊറിയർ പാഴ്സൽ എത്തി. അത് തുറന്നു നോക്കിയ അദ്ദേഹം അത്ഭുതപ്പെട്ടുപോയി; ഉള്ളിൽ നഷ്ടപ്പെട്ടുവെന്ന് കരുതിയ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നു. വഴിയിൽ നിന്ന് ലൈസൻസ് ലഭിച്ച അപരിചിതയായ സ്ത്രീ അത് കൃത്യമായി പാക്ക് ചെയ്ത് അങ്കിതിന്റെ വിലാസത്തിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. പ്രതിഫലമായി ഒന്നും പ്രതീക്ഷിക്കാതെ, തന്റെ പേരും ഇമെയിൽ വിലാസവും മാത്രമാണ് അവർ ആ പാഴ്സലിനൊപ്പം വെച്ചിരുന്നത്.
ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആ സ്ത്രീയുടെ സത്യസന്ധതയെയും കാരുണ്യത്തെയും പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. ഇതൊരു വലിയ കാര്യമാണ്, നമുക്കിടയിൽ ജീവിക്കുന്ന മാലാഖമാരാണ് ഇത്തരം ആളുകൾ, “മറ്റുള്ളവരോട് ദയ കാണിക്കുന്നത് മനസിന് വലിയ സമാധാനം നൽകും” എന്നിങ്ങനെ പോകുന്നു ഉപയോക്താക്കളുടെ കമന്റുകൾ.
