പതിനഞ്ചോളം ചിത്രങ്ങള്‍! ഈസ്റ്റര്‍-വിഷു കാലത്ത് റിലീസുകളുടെ പെരുമഴ

ഈസ്റ്റർ, വിഷു ആഘോഷ കാലത്ത് തീയറ്ററുകളിലേക്ക് എത്തുന്നത്, എത്താൻ കാത്തിരിക്കുന്നത് പതിനഞ്ചോളം ചിത്രങ്ങളാണ്. കുഞ്ചാക്കോ ബോബൻ, ശാന്തി കൃഷ്ണ, അതിഥി രവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന കുട്ടനാടൻ മാർപാപ്പയും വിഷ്ണു ഉണ്ണികൃഷ്ണൻ, ധർമജൻ ബോൾഗാട്ടി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന വികടകുമാരനും 29ന് റിലീസ് ചെയ്യുന്നതോടെയാണ് വിഷു, ഈസ്റ്റർ ആഘോഷങ്ങളിലെ സിനിമ മാമാങ്കം ആരംഭിക്കുന്നത്.

മോഹൻലാൽ ചിത്രം ഇല്ലാത്ത ഇത്തവണത്തെ ഈസ്റ്റർ, വിഷു ആഘോഷങ്ങളെ കൊഴുപ്പിക്കാൻ എത്തുന്ന മമ്മൂട്ടി ചിത്രം പരോൾ ആണ്. സഖാവ് അലക്സ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന പരോൾ ശനിയാഴ്ച്ചയാണ് തീയറ്ററുകളിൽ എത്തുന്നത്. മിയ, പല്ലവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

അങ്കമാലി ഡയറീസിനു ശേഷം ആന്‍റണി വർഗീസ് നായകനാകുന്ന സ്വാതന്ത്രം അർദ്ധരാത്രിയിലും റിലീസ് ചെയ്യുന്നത് ശനിയാഴ്ചയാണ്. ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനായകൻ, ചെന്പൻ വിനോദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രാമലീലയ്ക്കു ശേഷം ദിലീപ് നായകനായി എത്തുന്ന കമ്മാരസംഭവം ഏപ്രിൽ അഞ്ചിനാണ് തീയറ്ററുകളിൽ എത്തുന്നത്. രതീഷ് അന്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ് നടൻ സിദ്ധാർഥും പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. മുരളി ഗോപി രചന നിർവഹിക്കുന്ന ചിത്രത്തിലെ നായിക നമിത പ്രമോദാണ്.

ഏപ്രിൽ ആറിന് ബിജു മേനോൻ ചിത്രം ഒരായിരം കിനാക്കളാൽ തീയറ്ററുകളിലെത്തും. ദീർഘ നാളത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയെത്തുന്ന ഒരാളുടെ കഥാപാത്രത്തെയാണ് ബിജുമേനോൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പ്രമോദ് മോഹൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിഷുവിന് രണം എന്ന ചിത്രം ആരാധകർക്ക് സമ്മാനിച്ചാണ് പൃഥ്വിരാജ് എത്തുന്നത്. അമേരിക്കയിലെ ഗുണ്ടാ സംഘങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ റഹ്മാനും മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുതുമുഖം നിർമൽ സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു കടുത്ത മോഹൻലാൽ ആരാധികയായി മഞ്ജു വാര്യർ എത്തുന്ന മോഹൻലാൽ എന്ന ചിത്രവും ആരാധകർക്ക് ഒരു വ്യത്യസ്ത അനുഭവമാകുമെന്നാണ് കരുതപ്പെടുന്നത്. ഇന്ദ്രജിത്ത് ആണ് ചിത്രത്തിലെ നായകൻ. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന മോഹൻലാലും പൃഥ്വിരാജ് ചിത്രം രണവും ഏപ്രിൽ പതിമൂന്നിന് തീയറ്ററുകളിലെത്തും.

അൽഫോണ്‍സ് പുത്രൻ നിർമിച്ച് മൊഹ്സിൻ കാസിം സംവിധാനം ചെയ്യുന്ന തൊബാമയും രമേശ് പിഷാരടിയുടെ കന്നി ചിത്രം പഞ്ചവർണതത്തയും ടൊവിനോ തോമസിനെ നായകനാക്കി ടി.പി.ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയും വിഷുവിനെത്തുമെന്നാണ് കരുതപ്പെടുന്നത്.

ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ആളൊരുക്കം, രണ്‍ജി പണിക്കർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭയാനകം എന്നീ ചിത്രങ്ങളും ആഘോഷകാലത്ത് തീയറ്റിൽ എത്താൻ കാത്തിരിക്കുന്നവയാണ്. എന്നാൽ വന്പൻ റിലീസുകൾക്കിടയിൽ ഈ ചിത്രങ്ങൾക്ക് തീയറ്ററുകൾ ലഭിക്കുമോ എന്ന് കണ്ടറിയേണ്ടി വരും.

വിക്രത്തിന്‍റെ ധ്രുവ നക്ഷത്രം, വിശാലിന്‍റെ ഇരുന്പുതിരൈ എന്നീ തമിഴ് ചിത്രങ്ങളും ഈസ്റ്റർ-വിഷു ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ എത്തും. ഇത്രെയധികം സിനിമകൾ ആഘോഷങ്ങളെ അലങ്കരിക്കാൻ എത്തുന്പോൾ അതിൽ എത്ര ചിത്രങ്ങൾ പ്രേക്ഷക മനസിൽ സ്ഥാനം പിടിക്കുമെന്ന് കണ്ടറിയാം.

Related posts