ബംഗാള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ നാണംകെട്ട് സിപിഎം, തൃണമൂല്‍ തൂത്തുവാരിയപ്പോള്‍ അപ്രതീക്ഷിത നേട്ടമുണ്ടാക്കി ബിജെപി, കോണ്‍ഗ്രസ് ചിത്രത്തിലേയില്ല!

പശ്ചിമ ബംഗാളിലെ ഏഴ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സമ്പൂര്‍ണ വിജയം. ഏഴിടത്തും അധികാരം പിടിച്ച തൃണമൂല്‍ രണ്ട് കോര്‍പറേഷനുകളിലെ എല്ലാം വാര്‍ഡുകളിലും വിജയിച്ചു. ഇതുപക്ഷത്തിന്റെ ശക്തിദുര്‍ഗങ്ങളായ പല കോര്‍പറേഷനുകളിലും അവര്‍ തകര്‍ന്നടിഞ്ഞു. ഇടതുകോട്ടയായി ഏറെക്കാലം നിലനിന്ന വ്യവസായ നഗരമായ ഹല്‍ഡിയ മുനിസിപ്പല്‍ കോര്‍പറേഷനിലെ എല്ലാ വാര്‍ഡിലും തൃണമൂല്‍ വിജയിച്ചു. 29 വാര്‍ഡുകളുള്ള ഈ മുനിസിപ്പാലിറ്റിയില്‍ ബിജെപിയാണ് പലയിടത്തും രണ്ടാം സ്ഥാനത്ത്.

12 വാര്‍ഡുകളുള്ള കൂപ്പേഴ്‌സ് ക്യാമ്പ് കോര്‍പറേഷനിലെ എല്ലാ വാര്‍ഡിലും തൃണമൂല്‍ വിജയക്കൊടി പാറിച്ചു. നല്‍ഹാട്ടിയില്‍ 16 വാര്‍ഡുകളില്‍ 14 ഇടത്തും തൃണമൂല്‍ വിജയിച്ചപ്പോള്‍ ഒരു സീറ്റിലാണ് ഇടതുപക്ഷം വിജയിച്ചത്. പന്‍സ്കുരയിലെ 18 വാര്‍ഡുകളില്‍ 17 ഉം തൃണമൂല്‍ സ്വന്തമാക്കി. ധൂപ്ഗുരിയിലെ 16 വാര്‍ഡുകളില്‍ 12 ഇടത്തും തൃണമൂലിനാണ് വിജയം. ശേഷിക്കുന്ന നാല് വാര്‍ഡുകള്‍ ബിജെപി നേടി.

ബുനിയാദ്പൂരിലെ 14 വാര്‍ഡുകളില്‍ 13 തൃണമൂലിനൊപ്പം നിന്നപ്പോള്‍ ബിജെപിയാണ് ശേഷിച്ച വാര്‍ഡില്‍ വിജയിച്ചത്. ഇതിന് പുറമെ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡുകളിലും വിജയിച്ചത് തൃണമൂല്‍ തന്നെയാണ്. ദുര്‍ഗാപൂര്‍ കോര്‍പറേഷനിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തൃണമൂല്‍ വിജയം ഉറപ്പിച്ചു. 43 വാര്‍ഡുകളില്‍ ഫലം അറിവായ 27 വാര്‍ഡുകളിലും വിജയം തൃണമൂലിനാണ്. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് ഫലം ഭരണകക്ഷിയായ തൃണമൂലിനും മുഖ്യമന്ത്രി മമത ബാനര്‍ജിക്കും കരുത്തുപകരും

Related posts