പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവിന്റെ മകൻ അനിൽ കുമാറിന് ജോലി നല്‍കുമെന്ന് വനംവകുപ്പ്. കുടുംബത്തിന് ആദ്യഘട്ട നഷ്ടപരിഹാരത്തുക നാളെ കൈമാറുമെന്നും വനംവകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കാളിമുത്തു കൊല്ലപ്പെട്ടത്. സെൻസസിനിടെ കാട്ടാനയം കണ്ടതോടെ കാളിമുത്തുവും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. എന്നാൽ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താൻ സാധിച്ചില്ല. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അറിയിച്ചതിനെ തുടർന്ന് ആർആർടി നടത്തിയ തിരച്ചിലില്‍ പിന്നീട് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കാളിമുത്തുവിന്റെ മരണ കാരണം ആന്തരിക രക്തസ്രാവമാണെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. നട്ടെല്ലും വാരിയെല്ലുകളും തകര്‍ന്ന നിലയിലായിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റു. ആന പിന്നില്‍ നിന്നും തുമ്പിക്കൈകൊണ്ട് എറിഞ്ഞതിന്റെ ക്ഷതങ്ങളും ശരീരത്തിലുണ്ട്.
