വ്യാപാരിയെ പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ച ശേഷം ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുത്തു; യുവതി പിടിയില്‍…

വ്യാപാരിയെ പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ച ശേഷം മര്‍ദ്ദിച്ച് പണവും ആഭരണങ്ങളും തട്ടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവതിയെ പോലീസ് പിടികൂടി.വൈറ്റില എസ്.ആര്‍.എ.സി. റോഡില്‍ പൂത്തനാപ്പള്ളി മീന(32)യാണ് അറസ്റ്റിലായത്. കൂട്ടുപ്രതികളായ മൂന്നാര്‍ സ്വദേശികളും ടൂറിസ്റ്റ് ഗൈഡുമാരുമായ നാലുപേരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. രണ്ടുപേരെക്കൂടി പിടികൂടാനുണ്ട്.

മെയ് 28-നായിരുന്നു സംഭവം. കൊച്ചി പച്ചാളം സ്വദേശിയും വ്യാപാരിയുമായ കെ.ഷാജിയെ പ്രലോഭിപ്പിച്ച് മൂന്നാറിലെത്തിച്ചു. ഇദ്ദേഹവും അറസ്റ്റിലായ യുവതിയും മൂന്നാര്‍ കോളനിയിലെ ലോഡ്ജില്‍ മുറിയെടുത്തു. ഇവര്‍ മുറിയിലെത്തി അധികം വൈകാതെ, തങ്ങളുടെ സഹോദരിയെ ഷാജി തട്ടിക്കൊണ്ടുവന്നതാണെന്നാരോപിച്ച്, മുറിയുടെ വാതില്‍ തകര്‍ത്ത് രണ്ടുപേര്‍ അകത്ത് കടന്നു. ഈസമയം പുറത്ത് നിന്നിരുന്ന മൂന്നാര്‍ സ്വദേശികളായ നാലുപേരുംകൂടി ഉള്ളില്‍ കടന്ന് ഷാജിയെ മര്‍ദിച്ചു.

പണവും എ.ടി.എം. കാര്‍ഡും കഴുത്തിലുണ്ടായിരുന്ന മാലയും തട്ടിയെടുത്ത് ആറുപേരും കടന്നു. എ.ടി.എം. കാര്‍ഡുപയോഗിച്ച് സംഘം പിന്നീട് 20,000 രൂപയും എടുത്തു. ഷാജി മൂന്നാര്‍ പോലീസില്‍ പരാതി നല്‍കി. തട്ടിപ്പ് ആസൂത്രണംചെയ്തത് യുവതിയാണെന്ന് പോലീസ് കണ്ടെത്തി. കൂട്ടുപ്രതികളായ മൂന്നാര്‍ കോളനി സ്വദേശികളായ സൈമണ്‍(20), സഹോദരങ്ങളായ നിബിന്‍(18), സുബിന്‍(20), അബിന്‍(19) എന്നിവരെ ജൂണ്‍ 15-ന് അറസ്റ്റുചെയ്തു. ദേവികുളം കോടതിയില്‍ ഹാജരാക്കിയ മീനയെ റിമാന്‍ഡുചെയ്തു.

Related posts