പരവൂർ: ബിഎസ്എൻഎൽ 5 -ജി ടവറിന്റെ പേരിൽ രാജ്യത്ത് തട്ടിപ്പ് വ്യാപകം. ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്.ബിഎസ്എൻഎൽ 5 -ജി ടവർ സ്ഥാപിക്കുന്നതിന് താങ്കളുടെ പേരിലുള്ള ഭൂമി തെരഞ്ഞെടുത്തു എന്ന കത്തിലൂടെയുള്ള അറിയിപ്പാണ് തട്ടിപ്പിന്റെ തുടക്കം. ഇതിന് ഒരു എതിർപ്പില്ലാ രേഖ (എൻഒസി) സമർപ്പിക്കണം എന്നതായിരിക്കും മറ്റൊരു നിർദേശം.
ഭാരത് ദൂർ സഞ്ചാർ മന്ത്രാലയം നടത്തിയ ഓൺലൈൻ സാറ്റ്ലൈറ്റ് സർവേ വഴിയാണ് ടവർ സ്ഥാപിക്കാൻ സ്ഥലം തെരഞ്ഞെടുത്തത് എന്ന വിവരവും ഇതിൽ ഉണ്ടാകും.ഇതിന്റെ കരാർ നടപടികൾ ഉറപ്പിക്കുന്നതിനായി എഗ്രിമെന്റ് ചാർജ് ഇനത്തിൽ 2,500 രൂപ ഉടൻ അടയ്ക്കണമെന്നും വാർത്താ വിനിമയ മന്ത്രാലയത്തിന്റെ പേരിൽ വരുന്ന എൻഒസി സംബന്ധിച്ച അറിയിപ്പിൽ ഉണ്ടാകും.
ഇത്തരത്തിൽ ടവർ സ്ഥാപിക്കുന്ന രീതി ബിഎസ്എൻഎല്ലിന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.ബിഎസ്എൻഎൽ രാജ്യത്തുടനീളം 5 -ജി സേവനങ്ങൾ അതിവേഗം എത്തിക്കാനുള്ള തയാറെടുപ്പിലാണ്. ഇതിനായി നിലവിലെ 4- ജി ടവറുകൾ 5 -ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുമെന്ന് അധികൃതർ അടുത്തിടെ അറിയിച്ചിരുന്നു.
ഇതിന്റെ മറവിലാണ് എതിർപ്പില്ലാ രേഖകൾ ആവശ്യപ്പെട്ടുള്ള വ്യാജ സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ ഇത് സൂക്ഷ്മമായി പരിശോധിച്ചാൽ തന്നെ സംഗതി തട്ടിപ്പാണെന്ന് മനസിലാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. അറിയിപ്പിൽ നിരവധി അക്ഷരത്തെറ്റുകളും അപാകതകളും കണ്ടെത്താനാകും.
അറിയിപ്പിൽ ഭാരത് ദൂർ സഞ്ചാർ മന്ത്രാലയ എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ ഹിന്ദിയിലുള്ള പേരാണ് സന്ദേശത്തിൽ ഇംഗ്ലീഷിൽ എഴുതി ചേർത്തിയിട്ടുള്ളത് – ഔദ്യോഗിക രേഖകളിലൊന്നും ഇത്തരത്തിലുള്ള മണ്ടത്തരങ്ങൾ ഉണ്ടാകില്ലന്നും അധികൃതർ പറഞ്ഞു.
മാത്രമല്ല ടെലികോം കമ്പനികൾ ഓൺലൈൻ സാറ്റലൈറ്റ് സർവേയുടെ അടിസ്ഥാനത്തിൽ മാത്രം ഏതെങ്കിലും സ്ഥലം ടവർ സ്ഥാപിക്കാനായി തെരഞ്ഞെടുക്കുകയുമില്ല.എഗ്രിമെന്റ് ചാർജായി 2,500 രൂപ നൽകണമെന്ന വാദം തന്നെ തെറ്റാണെന്ന് അധികൃതർ പറയുന്നു.ടവറുകൾ സ്ഥാപിക്കുന്നതിന് സ്ഥലം ഉടമയ്ക്കാണ് മൊബൈൽ കമ്പനികൾ വാടക നൽകുക. ഇതിന് സ്ഥലം ഉടമ മറ്റ് സാമ്പത്തിക ബാധ്യതകൾ വഹിക്കേണ്ട സാഹചര്യവും ഇല്ല.
മാത്രമല്ല എൻഒസിയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി ഉദ്യോഗസ്ഥന്റേതെന്ന പേരിൽ ഒരു മൊബൈൽ നമ്പരും നൽകിയിട്ടുണ്ട്. ഇതിൽ ഉദ്യോഗസ്ഥന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പേര് തന്നെ വ്യാജമാണന്ന് അധികൃതർ ചൂണ്ടിക്കാട്ടി. സാധാരണ സർക്കാർ കത്തുകളിൽ വ്യക്തികളുടെ മൊബൈൽ നമ്പരുകൾ നൽകാറില്ലന്നും അധികൃതർ വ്യക്തമാക്കി.
കത്തിൽ ഡിജിറ്റൽ ഇന്ത്യ, ബിഎസ്എൻഎൽ എന്നിവയുടെ ലോഗോകൾ വിശ്വാസ്യതയ്ക്കായി നൽകിയിട്ടുണ്ട്.ഇത് തട്ടിപ്പാണെന്ന് ബിഎസ്എൻഎൽ അധികൃതർ വ്യക്തമാക്കി. ഇത്തരം വ്യാജ അറിയിപ്പുകൾക്ക് ഒപ്പം നൽകിയിരിക്കുന്ന നമ്പരിലേക്ക് വിളിക്കുകയോ പണം അയയ്ക്കുകയോ ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
