ഉറങ്ങാന്‍ വേണ്ടി സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കയറി ! കണ്ണു തുറന്നപ്പോള്‍ തമിഴ്‌നാട് അതിര്‍ത്തി;10 വയസുകാരന് പറ്റിയത്…

ഉത്സവപ്പറമ്പില്‍ അച്ഛനോടൊപ്പം കച്ചവടത്തിന്എത്തിയ പത്ത് വയസ്സുകാരനെ കാണാതായത് പരിഭ്രാന്തി പരത്തി. പിന്നീട് കുട്ടിയെ കണ്ടെത്തിയെന്ന് വിവരം ലഭിച്ചതാവട്ടെ തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നും.

പന്തളം വലയികോയിക്കല്‍ ധര്‍മശാസ്താക്ഷേത്രത്തിലെ തിരുവാഭരണ ഉത്സവത്തിന് വളക്കച്ചവടത്തിനെത്തിയ പത്തനംതിട്ട സീതത്തോട് സ്വദേശി കുമാറിന്റെ മകന്‍ കാര്‍ത്തിക്കിനെയാണ് കാണാതായത്.

ക്ഷേത്രത്തിന് സമീപം വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കുട്ടി കയറി ഉറങ്ങാന്‍ കിടന്നു. എന്നാല്‍ കുട്ടി വണ്ടിയിലുള്ള കാര്യം ഡ്രൈവര്‍ അറിഞ്ഞിരുന്നില്ല.

തുടര്‍ന്ന് 75 കിലോമീറ്റര്‍ അകലെ തമിഴ്നാട് അതിര്‍ത്തിയായ ആര്യങ്കാവില്‍ എത്തിയപ്പോഴാണ് ഡ്രൈവര്‍ വണ്ടിയില്‍ കുട്ടിയെ കണ്ടത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പുലര്‍ച്ചെ മൂന്ന് മണിയോടെ കുമാറിന്റെ കടയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കയറി കാര്‍ത്തിക് കിടന്നുറങ്ങുകയായിരുന്നു.

കുട്ടി ലോറിയിലുള്ള കാര്യം അറിയാതെ ലോറിക്കാര്‍ സിമന്റ് എടുക്കാനായി തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു.

കുട്ടിയെ കാണാതെ പേടിച്ച് കുമാര്‍ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പോലീസിനെയും വിവരം അറിയിച്ചു.

പോലീസും നാട്ടുകാരും ചേര്‍ന്ന് കുട്ടിക്കായി തിരച്ചില്‍ നടത്തി. രാവിലെ എട്ട് മണിയോടെ ലോറി ആര്യങ്കാവിലെത്തിയപ്പോള്‍ പിന്നില്‍നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ടാണ് ഡ്രൈവര്‍ വണ്ടി നിര്‍ത്തിയത്.

ഇവര്‍ ഇക്കാര്യം ആര്യങ്കാവ് പൊലീസ് ഔട്ട്പോസ്റ്റില്‍ അറിയിച്ചു. പന്തളത്തുനിന്ന് കുമാറും പൊലീസും തെന്മലയിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.

Related posts

Leave a Comment