പാറശാല : നിര്‍ധനരായ രോഗികള്‍ക്കു താങ്ങും തണലുമായിരുന്ന 108 ആംബുലന്‍സിന്റെ സേവനം ജില്ലയില്‍ നിലച്ച മട്ടാണ്. ആകെയുണ്ടായിരുന്ന 25 ആംബുലന്‍സുകളില്‍ അഞ്ച് എണ്ണം മാത്രമാണ് ഇപ്പോള്‍ സര്‍വീസ് തുടരുന്നത്. വാഹനത്തിന്റെ കാര്യക്ഷമതാ പരിശോധനയായ സിഎഫ് ടെസ്റ്റും നടത്തിയിട്ടില്ല. കരാര്‍ പുതുക്കി നല്‍കാത്തതാണ് സര്‍വീസ് നിലക്കാന് കാരണമെന്നും പറയുന്നു.
ഐസിയു അടക്കമുള്ള ആധുനിക സൗകര്യങ്ങളടങ്ങിയതായിരുന്നു 108 ആംബുലന്‍സ്. ഇതിന്റെ സേവനം മൂലം ഗ്രാമീണ മേഖലയിലെ രോഗികളെയും പ്രസവ ചികിത്സക്കായി എസ്എടി ആശുപത്രി ഉള്‍പ്പെടെയുള്ള ആശുപത്രികളിലും റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്കും അടിയന്തിര ചികിത്സ ലഭ്യമാക്കാനും കഴിഞ്ഞിരുന്നു. ഇതുമൂലം നൂറുകണക്കിനു ജീവനുകളാണ് രക്ഷിക്കപ്പെട്ടിരുന്നത്.
ജില്ലയിലെ അതിര്‍ത്തി, മലയോര, തീരദേശ പ്രദേശമായ പാറശാല, നെയ്യാറ്റിന്‍കര, വിഴിഞ്ഞം, നേമം, മലയന്‍കീഴ് എന്നിവിടങ്ങളില്‍ 108ന്റെ സേവനം നിലച്ചിട്ട് മൂന്നുമാസത്തിലേറെയായി. ആകെയുള്ള വെള്ളറടയിലെ ആംബുലന്‍സിനെയാണ് അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കുന്നത്. എന്നാല്‍, ദൂരക്കൂടുതലും മറ്റുകാരണങ്ങള്‍ കൊണ്ടും സമയത്തിനു എത്താന്‍ കഴിയാറില്ല. അതുകൊണ്ടു തന്നെ നിര്‍ധനരായ രോഗികള്‍ക്ക് സ്വകാര്യ ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കേണ്ടി വരുന്നു. ഇതു സാധാരണക്കാര്‍ക്കു താങ്ങാന്‍ കഴിയുന്നതല്ല.
ഒരു 108 ആംബുലന്‍സില്‍ രണ്ടു ഡ്രൈവര്‍മാരും രണ്ടു ടെക്നിഷ്യന്മാരുമാണ് നിലവിലുള്ളത്. കൂടാതെ അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കുവാനായി ഒരു ഡ്രൈവറെയും ടെക്നിഷ്യനെയും നിയമിച്ചിട്ടുണ്ട്. ആംബുലന്‍സുകളുടെ ഓട്ടം നിലച്ചതോടെ ഇവര്‍ക്കു ശമ്പളം ലഭിക്കാതായി. ഇതുകാരണം ഇവരുടെ കുടുംബവും പട്ടിണിയിലാണ്.
സ്വകാര്യ വര്‍ക്ഷോപ്പുകളില്‍ പണിതാന്‍ തുച്ഛമായ തുകക്ക് പണിതീര്‍ത്ത് ഫിറ്റ്നസ് ലഭ്യമാക്കാമെങ്കിലും പണിക്കായി സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പിലാണ് പണിക്കു വേണ്ടി കയറ്റിയത്. എന്നാല്‍ പണിതീര്‍ത്തു നല്‍കാതെ, വര്‍ക്ക്ഷോപ്പില്‍ ഒതുക്കിയിട്ടിരിക്കുകയാണ് വാഹനങ്ങള്‍. കരാര്‍ പുതുക്കി നല്‍കുന്നത് ഉള്‍പ്പെടെയുള്ള സ്വീകരിക്കേണ്ട നടപടികള്‍, സ്വീകരിച്ച്, 108 ആംബുലന്‍സ് സര്‍വീസ് എത്രയും പെട്ടെന്നു പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.
