വയനാട്ടിൽ ആകാശദ്വീപുകൾ എന്നറിയപ്പെടുന്ന മലന്തലപ്പുകളിൽ 156 ഇനം പക്ഷികൾ. നോർത്ത്, സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനുകളുടെയും പുളിയാർമല ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയുടെയും നേതൃത്വത്തിൽ മാർച്ച് 13 മുതൽ 15 വരെ നടത്തിയ സർവേയിലാണ് ഇത്രയും ഇനം പക്ഷികളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
സമുദ്രനിരപ്പിൽനിന്നു 1,200 മീറ്ററിന് മുകളിലുള്ള പ്രദേശങ്ങളിലെ വനങ്ങൾ, പുൽമേടുകൾ, ചോലക്കാടുകൾ തുടങ്ങി വ്യത്യസ്ത ആവാസവ്യവസ്ഥകളിൽ 55 ഓളം പക്ഷി നിരീക്ഷകരുടെ പങ്കാളിത്തത്തോടെയായിരുന്നു സർവേ.
ഒരു പ്രദേശത്തെ തനത് കാലാവസ്ഥയിൽനിന്നു വ്യത്യസ്തവും ഭൂമിശാസ്ത്രപരമായി വേറിട്ട് നിൽക്കുന്നതുമായ ഉയർന്ന പ്രദേശങ്ങളാണ് ആകാശദ്വീപുകൾ എന്നറിയപ്പെടുന്നത്. കാമൽ ഹംപ് മലനിരകൾ, ബാണാസുര മലനിരകൾ, കുറിച്യർ മലനിരകൾ, ബ്രഹ്മഗിരി മലനിരകൾ എന്നിവിടങ്ങളിൽ സർവേ നടന്നു. 11 ബേസ് ക്യാന്പുകളിലാണ് പക്ഷി നിരീക്ഷകരെ വിന്യസിച്ചത്.
സർവേയിൽ കണ്ടതിൽ വംശനാശം നേരിടുന്ന എട്ടും പശ്ചിമഘട്ടത്തിലെ തനത് ജാതികളായ 20 ഉം മുൻ സർവേകളിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത 12 ഉം ഇനം പക്ഷികൾ ഉൾപ്പെടുമെന്ന് ഹ്യൂം സെന്റർ ഡയറക്ടർ സി.കെ. വിഷ്ണുദാസ് പറഞ്ഞു.
കേരളം ബേഡ് അറ്റ്ലസിന്റെ ഭാഗമായി 2018ലാണ് വയനാട്ടിൽ ആകാശദ്വീപുകളിൽ(സ്കൈ ഐലൻഡ്) ആദ്യ പക്ഷി സർവേ നടന്നത്. ബാണാസുര ചിലപ്പൻ(Bansaura Laughingthrush), ഹിമാലയൻ ബസാർഡ് (Himalyan Buzzard), കാട്ടുകൊക്ക് (Malayan Nigth Heron), മാക്കാച്ചിക്കാട(Sri Lanka Frogmouth), പുൽക്കുരുവി(Common Grasshopper Warbler), കിന്നരി പ്രാപ്പരുന്ത് (Black Baza), മലമുഴക്കി വേഴാന്പൽ(Greta Hornbill)തുടങ്ങിയവ സർവേയിൽ കാണാനായ സവിശേഷ ഇനം പക്ഷികളാണ്.
പശ്ചിമമഘട്ടത്തിലെ തദ്ദേശീയ പക്ഷികളായ ചെന്പുവയറൻ ചോലക്കിളി (Nilgiri Sholakili), കരിഞ്ചെന്പൻ പാറ്റപിടിയൻ(Blackandorange Flycatcher), നീലക്കിളി പാറ്റപിടിയൻ(Nilgiri Flycatcher), പതുങ്ങൻ ചിലപ്പൻ (Wayanad Laughinghthrush), മരപ്രാവ്(Nilgiri Wood Pigeon ) തുടങ്ങിയ ഇനങ്ങളും സർവേ സംഘത്തിന്റെ കാഴ്ചയിൽപ്പെട്ടു.
വയനാടിന്റെ ജില്ലാ പക്ഷിയും ലോകത്ത് വയനാട്ടിലെ ആകാശദ്വീപുകളിൽ മാത്രം കാണപ്പെടുന്നതുമായ ഇനം പക്ഷിയാണ് ബാണാസുര ചിലപ്പൻ. ഐയുസിഎൻ റെഡ് ഡാറ്റ ബുക്കിൽ ഉൾപ്പെട്ട അതീവ വംശനാശ ഭീഷണി നേരിടുന്ന ഇനമാണിത്. വടക്കേ ഇന്ത്യയിലെ ഹിമാലയ പർവതനിരകളിൽ കാണപ്പെടുന്ന പരുന്ത് വർഗത്തിൽപ്പെടുന്നതാണ് ഹിമാലയൻ ബസാർഡ്. കേരളത്തിൽ ഇത് രണ്ടാം തവണയാണ് ഈയിനം പക്ഷിയുടെ സാന്നിധ്യം രേഖപ്പെടുത്തുന്നത്.
സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമൻ, നോർത്ത് വയനാട് ഡിഎഫ്ഒ ആർ. സന്തോഷ് കുമാർ, ഹ്യൂംസ് സെന്റർ ഡയറക്ടർ സി.കെ. വിഷ്ണുദാസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുരേഷ് ബാബു, സൗത്ത് വയനാട് ഡിവിഷൻ ബയോളജിസ്റ്റ് സായൂജ് രവി, പക്ഷി നിരീക്ഷകരായ ഡോ. ആർ.എൽ. രതീഷ് , അഹമ്മദ് സയീദ്, അഹമ്മദ് ഒമർ തുടങ്ങിയവർ സർവേയ്ക്ക് നേതൃത്വം നൽകി.
