വീട്ടിലേക്കെന്നു പറഞ്ഞ് വിളിച്ചു വരുത്തിയ ഫേസ്ബുക്ക് സുഹൃത്ത് കൊണ്ടുപോയത് കാട്ടിലേക്ക് ! 48 മണിക്കൂറിനിടെ തന്നെ 25 പേര്‍ ബലാല്‍സംഗം ചെയ്‌തെന്ന് യുവതിയുടെ പരാതി;ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

48 മണിക്കൂറിനുള്ളില്‍ തന്നെ 25 പേര്‍ ബലാല്‍സംഗം ചെയ്‌തെന്ന് യുവതിയുടെ പരാതി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരേയാണ് യുവതി പരാതി നല്‍കിയത്.

ഡല്‍ഹിയില്‍ വീട്ടുജോലി ചെയ്യുന്ന യുവതിയാണ് ഹരിയാണ ഹസന്‍പുര്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ യുവതിയുടെ ഫേസ്ബുക്ക് സുഹൃത്തായ സാഗര്‍ എന്നയാളെ അറസ്റ്റ് ചെയ്‌തെന്നും മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

മെയ് ആദ്യവാരമായിരുന്നു സംഭവം. നാല് വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ താമസം ആരംഭിച്ച യുവതി ഇക്കഴിഞ്ഞ ജനുവരിയിലാണ് ഫേസ്ബുക്കിലൂടെ സാഗറിനെ പരിചയപ്പെടുന്നത്.

പിന്നീട് അടുപ്പം വളര്‍ന്നതോടെ ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ചെയ്തു. തുടര്‍ന്ന് യുവാവ് യുവതിയോട് വിവാഹഭ്യര്‍ഥന നടത്തി. വിവാഹത്തിന് മുന്നോടിയായി തന്റെ മാതാപിതാക്കളെ പരിചയപ്പെടാന്‍ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇതനുസരിച്ചാണ് മെയ് മൂന്നിന് യുവതി ഹൊദാല്‍ എന്ന സ്ഥലത്ത് എത്തിയത്.

എന്നാല്‍ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോകാതെ സാഗര്‍ രാംഘട്ട് ഗ്രാമത്തിലെ വനത്തിലേക്കാണ് കൊണ്ടുപോയത്. ഇവിടെവെച്ച് സാഗറും ഇയാളുടെ സഹോദരനും സുഹൃത്തുക്കളും അടക്കം ഇരുപതോളം പേര്‍ യുവതിയെ ബലാത്സംഗം ചെയ്തു.

ഒരു രാത്രി മുഴുവന്‍ നീണ്ട ഉപദ്രവത്തിന് ശേഷം പിറ്റേ ദിവസം സാഗര്‍ യുവതിയെ ആകാശ് എന്ന ആക്രിക്കച്ചവടക്കാരന്റെ അടുത്തെത്തിച്ചു.

ഇവിടെവെച്ചും അഞ്ചു പേര്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കി. നിരന്തരമായ ശാരീരിക ഉപദ്രവം കാരണം അവശനിലയിലായ യുവതിയെ പ്രതികള്‍ പിന്നീട് ബദര്‍പുര്‍ അതിര്‍ത്തിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാണ് പരാതിയില്‍ പറയുന്നത്.

മെയ് 12-നാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് പരാതി നല്‍കാന്‍ വൈകിയതെന്നായിരുന്നു ഇവരുടെ വിശദീകരണം.

സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും മറ്റു പ്രതികളെയും ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

Related posts

Leave a Comment