മലയാള സിനിമയുടെ ചരിത്രത്തിലെ റിക്കാർഡുകളെയെല്ലാം തകർത്ത് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ആഗോളതലത്തിൽ 300 കോടി ക്ലബ്ബിൽ ഇടംപിടിച്ച വാർത്ത ആവേശത്തോടെയാണ് സിനിമാ ലോകം ഏറ്റെടുത്തത്.
നിവിൻ പോളിയുടെ ഗംഭീര തിരിച്ചു വരവിനും ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ.ഡി-മമിത ബൈജു കൂട്ടുകെട്ടിന്റെ വിജയത്തുടർച്ചയ്ക്കും സാക്ഷ്യം വഹിച്ച ചിത്രം 28-ാം ദിവസവും 266 തിയറ്ററുകളിൽ ഹൗസ്ഫുൾ ഷോകളുമായി പ്രദർശനം തുടരുകയാണ്.
എന്നാൽ ഈ നേട്ടത്തേക്കാളേറെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് പങ്കുവെച്ച 300 കോടിയുടെ ഔദ്യോഗികമായെത്തിയിരിക്കുന്ന പോസ്റ്ററാണ്.
സിനിമയുടെ അണിയറയിലെ മാന്ത്രികർക്ക് സല്യൂട്ട് അടിച്ചുകൊണ്ടാണ് പുതിയ പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. സിനിമയ്ക്ക് ജീവൻ നൽകിയ അണിയറയിലെ സാങ്കേതിക വിദഗ്ദ്ധരെ മുൻനിരയിൽ നിർത്തിയാണ് വിജയാഘോഷത്തിന്റെ പോസ്റ്റർ എത്തിയിരിക്കുന്നത്.
സംവിധായകൻ ഗിരീഷ് എ.ഡി, തിരക്കഥാകൃത്ത് കിരൺ ജോസി, ക്യാമറാമാൻ അജ്മൽ സാബു, എഡിറ്റർ ആകാശ് ജോസഫ് വർഗ്ഗീസ് എന്നിവർ നിർമ്മാതാക്കളായ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർക്കൊപ്പം നിൽക്കുന്ന പോസ്റ്റർ സിനിമാ പ്രേമികൾക്കിടയിലും ഇൻഡസ്ട്രിയിലും വലിയ പ്രശംസ നേടിയിരിക്കുകയാണ്.
തങ്ങളുടെ സിനിമകൾക്ക് അതർഹിക്കുന്ന രീതിയിലുള്ള പ്രൊമോഷൻ നൽകാറുള്ള ഭാവന സ്റ്റുഡിയോസ് ഇക്കുറിയും പതിവ് തെറ്റിച്ചിട്ടില്ല. ചിത്രത്തിന്റെ വിജയ പോസ്റ്ററിലും ആ പുതുമ കാണാനുണ്ട്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലുള്ളത്. കേരളത്തിന് പുറമെ തമിഴ്നാട്, ആന്ധ്ര-തെലങ്കാന മേഖലകളിലും ജിസിസി രാജ്യങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയചിത്രമാണിത്.
