ജോമി കുര്യാക്കോസ്
കോട്ടയം: സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥരുടെ ബാങ്ക് വഴിയുള്ള പെന്ഷന് വിതരണം മുടങ്ങി. സംസ്ഥാനമൊട്ടാകെ 31,000ല്‍പ്പരം വിരമിച്ച ഉദ്യോഗസ്ഥരുടെ ഏപ്രില്‍ മാസത്തെ പെന്ഷന് വിതരണമാണു മുടങ്ങിയത്. ബാങ്കുകളില്‍നിന്നും പെന്ഷന് വിതരണത്തിന്റെ നിയന്ത്രണം ട്രഷറി ഡയറക്ടറേറ്റിലേക്കു മാറ്റുന്നതിന്റെ ക്രമീകരണം നടക്കുന്നതാണു പെന്ഷന് വിതരണം മുടങ്ങാന്‍ ഇടയാക്കിയതെന്നാണു ഔദ്യോഗിക വിശദീകരണം. അടുത്തമാസം പെന്ഷന് തുക കൃത്യസമയത്ത് നല്‍കാനാകുമെന്നും പറയുന്നു.
പുതിയ സംവിധാനം അനുസരിച്ച് ബാങ്കുകള്‍ വഴി പെന്ഷന് മതിയെന്ന അറിയിച്ചിട്ടുള്ളവര്ക്കു പെന്ഷന് ബാങ്കുകള്‍ വഴി ലഭിക്കും. ഇതിനുള്ള നടപടിക്രമം പുരോഗമിക്കുകയാണ്. പെന്ഷന് ബുക്ക് പ്രകാരം ബാങ്കുകളില്‍ ലഭ്യമായിരുന്ന രേഖകള്‍ ട്രഷറി ഡയറക്ടറേറ്റ് സ്വീകരിച്ച് റിസര്‍വ് ബാങ്കിന്റെ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യുന്ന പ്രവര്‍ത്തിയാണിപ്പോള്‍ നടക്കുകയാണ്. ഇതു പൂര്‍ത്തിയായാല്‍ മാത്രമേ വിശ്രമവേതന വിതരണം തുടരാനാകൂ. മാര്‍ച്ച് മാസത്തെ പെന്ഷന് വിതരണം ബാങ്കുകള്‍ മുഖേന നടന്നിരുന്നു. ഏപ്രില്‍ മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കൂട്ടിയിരുന്നു.
പുതുക്കിയ പെന്ഷന് തുക ക്രമപ്പെടുത്തി വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്യുന്ന പ്രക്രിയ വൈകുന്നത് പെന്ഷന് വിതരണം വൈകിപ്പിച്ചു. അതേസമയം പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ ബാങ്കുകള്‍ അപ്ലോഡ് ചെയ്യുന്നതില്‍ വീഴ്ചവരുത്തുന്നതാണു ട്രഷറി ഡയറക്ടറേറ്റ് പെന്ഷന് വിതരണം ഏറ്റെടുക്കാന്‍ ഇടയാക്കിയതെന്നു പറയുന്നു. എസ്ബിഐ, എസ്ബിടി ഒഴികെയുള്ള ബാങ്കുകളാണു വീഴ്ച വരുത്തിയതെന്നാണു ഡയറക്ടറേറ്റിന്റെ വിശദീകരണം. നാമമാത്രമായി തുക ലഭിച്ചിരുന്നവര്‍ക്ക് ഏപ്രില്‍ മാസത്തെ പെന്ഷന് മുടങ്ങിയത് കുടുംബ ബജറ്റ് താളംതെറ്റിക്കാന്‍ ഇടയായി.