കോന്നി: കളങ്കിതരായവരെ മാറ്റി നിര്‍ത്തണമെന്ന കെപിസിസി അധ്യക്ഷന്റെ താത്പര്യം കോന്നിയിലെ ജനങ്ങള്‍ പ്രാവര്‍ത്തികമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കോന്നിയില്‍ എല്‍ഡിഎഫ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ കളങ്കിതരുടെ പട്ടികയിലാണ് അടൂര്‍ പ്രകാശ്. അദ്ദേഹത്തോടൊപ്പം കെ.എം. മാണി, കെ.ബാബു തുടങ്ങിയവരും ഈ ഗണത്തിലുണ്ട്. അഴിമതിക്കാരായവരെ മത്സരിപ്പിക്കരുതെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനുമേല്‍ സമ്മര്‍ദം ചെലുത്തിയത് വി.എം. സുധീരനാണ്.
അദ്ദേഹത്തിന്റെ ആഗ്രഹം നടന്നില്ലെങ്കിലും കോന്നിയിലെ വോട്ടര്‍മാര്‍ അതു നടപ്പാക്കുമെന്ന് തനിക്ക് ഉറച്ചവിശ്വാസമാണെന്നും അച്യുതാനന്ദന്‍ പറഞ്ഞു. സിപിഎം നേതാക്കളായ കെ. അനന്തഗോപന്‍, ആര്‍. ഉണ്ണിക്കൃഷ്ണപിള്ള, എ.പത്മകുമാര്‍, സ്ഥാനാര്‍ഥി ആര്‍. സനല്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.