മങ്കൊന്പ്: പള്ളാത്തുരുത്തിയിൽ രാത്രിവിശ്രമത്തിനായി കെട്ടിയിട്ടിരുന്ന ഹൗസ്ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഇന്നു പുലർച്ചെ നാലരയോടെ പള്ളാത്തുരുത്തി പാലത്തിനു സമീപത്താണ് സംഭവം. സംഭവത്തെപ്പറ്റി നെടുമുടി പോലീസ് പറയുന്നതിങ്ങനെ.
തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങൽ നിന്നുള്ള 13 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. പള്ളാത്തുരുത്തി പാലത്തിനു സമീപം കെട്ടിയിട്ടിരുന്ന വള്ളത്തിൽ ഇവർ കിടന്നുറങ്ങുകയായിരുന്നു. എന്നാൽ പുലർച്ചെ നാലരയോടെ വള്ളത്തിന്റെ അടിപ്പലകയിൽ വിള്ളലുണ്ടായതിനെത്തുടർന്ന്, വെള്ളം കയറുകയും വള്ളം മുങ്ങുകയുമായിരുന്നു.
വള്ളം മുങ്ങുന്നതു ശ്രദ്ധയിൽപെട്ട ജീവനക്കാർ അടുത്തുള്ള ബോട്ടിലെ ജീവനക്കാരെയും വിളിച്ചുണർത്തി യാത്രക്കാരെ കരയ്ക്കെത്തിയക്കുകയായിരുന്നു.വിവരമറിഞ്ഞു സ്ഥലത്തെത്തിയ നെടുമുടി പോലീസും രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. കഴിഞ്ഞ വർഷവും പള്ളാത്തുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ഹൗസ് ബോട്ട് യാത്രക്കാരുമായി മുങ്ങിയിരുന്നു.