പത്തനംതിട്ട: പുതിയ അധ്യയനവര്‍ഷം നാളെ ആരംഭിക്കുമെന്നിരിക്കേ ജില്ലയിലെ സ്കൂളുകളില്‍ പാഠപുസ്തക വിതരണം പാതിവഴിയില്‍. ഇതര ജില്ലകളെ അപേക്ഷിച്ച് ഏറ്റവും കുറച്ച് പുസ്്തകങ്ങള്‍ എത്തിയിട്ടുള്ളത് പത്തനംതിട്ടയിലാണ്. കണക്കുകളില്‍ 50 ശതമാനം പുസ്തകങ്ങള്‍ എത്തിയിട്ടുണ്ടെങ്കിലും സ്കൂളുകളില്‍ ഇവ എത്തിച്ചേര്‍ന്നിട്ടില്ല. പ്രതീക്ഷകളോടെ വിദ്യാലയങ്ങളില്‍ കാലുകുത്തുന്ന കുട്ടികള്‍ക്ക് പുസ്തകമില്ലാതെയായിരിക്കും ഇത്തവണയും പഠനം തുടങ്ങേണ്ടിവരിക. കഴിഞ്ഞതവണത്തേപോലെ ഫോട്ടോസ്റ്റാറ്റ്, ഇന്റര്‍നെറ്റ് കോപ്പികള്‍ അധികമായി വേണ്ടിവരില്ലെന്നു മാത്രം.
മാറിയ പുസ്തകങ്ങളാണ് ആദ്യം എത്തിച്ചത്. ഒമ്പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് ഇത്തവണ മാറിയത്. ഇതില്‍ തന്നെ ഐടിയുടെ പുസ്തകം എത്തിയിട്ടില്ല. മാറിയ പുസ്തകങ്ങളും ആവശ്യാനുസരണം എത്തിയിട്ടില്ല. മറ്റ ്ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ ഭാഗികമായാണ് എത്തിയത്. കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച വിതരണ പ്രക്രിയയാണ് ഇത്തവണ എങ്ങുമെത്താതെ നില്‍ക്കുന്നത്. സ്കൂള്‍ പ്രഥമാധ്യാപകരില്‍ അടുത്തവര്‍ഷത്തേക്ക് ആവശ്യമുള്ള പുസ്തകങ്ങളുടെ ഇന്‍ഡന്റ് ഡിസംബറില്‍ ശേഖരിച്ചു തുടങ്ങി. ഇത്തരം ഇന്‍ഡന്റുകള്‍ ആറു തവണ പ്രഥമാധ്യാപകര്‍ ഇ മെയില്‍ ചെയ്യുകയുണ്ടായി.
സൊസൈറ്റികള്‍ കേന്ദ്രീകരിച്ചും ഇതേപോലെ കണക്കെടുപ്പ് നടന്നു. വിദ്യാഭ്യാസ ജില്ലകളിലെ വിതരണ കേന്ദ്രങ്ങളിലെത്തിക്കുന്ന പുസ്തകങ്ങള്‍ സ്കൂള്‍ സഹകരണസംഘങ്ങള്‍ക്കാണ് നല്‍കേണ്ടത്. സംഘം സെക്രട്ടറിമാര്‍ ജില്ലാ ഡിപ്പോകളില്‍ നിന്നും പുസ്തകം ഏറ്റെടുക്കണം. എന്നാല്‍ പത്തനംതിട്ട ജില്ലയില്‍ തിരുവല്ല ഡിഡിഇ ഓഫീസിനോടു ചേര്‍ന്ന കെപിബിഎസ് വിതരണ കേന്ദ്രം മാത്രമാണുള്ളത്. നിലവിലെ വിതരണ സംവിധാനമനുസരിച്ച് ജില്ലയിലെ എല്ലാ ഉപജില്ലകളിലും ഒരു ക്ലസ്റ്റര്‍ സൊസൈറ്റി ഉണ്ട്. ക്ലസ്റ്റര്‍ സ്കൂളുകളില്‍ സംഘം സെക്രട്ടറിമാര്‍ ഏറ്റുവാങ്ങണം.
പ്രൈമറി സ്കൂളുകളിലേക്ക് ഹൈസ്കൂള്‍, യുപി വിഭാഗത്തിലെ സംഘം സെക്രട്ടറിമാര്‍ ക്ലസ്റ്റര്‍ കേന്ദ്രങ്ങളില്‍ നിന്നു പുസ്തകം ശേഖരിച്ചു നല്‍കും. ഭാരിച്ച ജോലികളാണ് സെക്രട്ടറിമാര്‍ നിര്‍വഹിച്ചുവരുന്നത്. നാളെ മുതല്‍ ഇവര്‍ക്ക് സ്കൂളുകളില്‍ അധ്യാപനവും നടത്തേണ്ടിവരും. ഇതിനിടെ പൂര്‍ത്തിയാകാത്ത പുസ്തക വിതരണം മറ്റൊരു തലവേദനയായി അവശേഷിക്കുകയാണ്.
സ്കൂള്‍ തുറക്കുന്നതിനു മുമ്പായി പുസ്തക വിതരണം പൂര്‍ത്തിയാക്കാമെന്ന നിര്‍ദേശത്തില്‍ എല്ലാ സെക്രട്ടറിമാരും കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ സ്കൂളുകളില്‍ ഉണ്ടാകണമെന്നു നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഒരു സ്കൂളിലും പുസ്തകങ്ങള്‍ എത്തിയില്ല. ഇതിനിടെ തിരുവല്ലയില്‍ നിന്നും അയയ്ക്കുന്ന പുസ്തകങ്ങളുടെ പായ്ക്കിംഗിനെ സംബന്ധിച്ചും പരാതി ഉണ്ടായി. ഓരോ പായ്ക്കറ്റിലും പുസ്തകങ്ങളുടെ കുറവു കണ്ടുവരുന്നു. 50 -60 പുസ്തകങ്ങള്‍ കുറവ് കണ്ടതോടെ ഇവ എണ്ണിത്തിട്ടപ്പെടുത്തേണ്ട ജോലിയും സ്കൂള്‍ സംഘം സെക്രട്ടറിമാര്‍ക്കായി.