കടയ്ക്കല്‍: ഓടതകര്ന്നതിനെ തുടര്‍ന്ന് ആശുപത്രിയ്ക്കു മുന്നിലൂടെ മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയിലെത്തി. കടയ്ക്കല്‍ താലൂക്കാശുപത്രിക്ക് മുന്നിലുള്ള ഓടയുടെ സ്ലാബാണ് പൊട്ടിപ്പൊളിഞ്ഞ് ദുര്‍ഗന്ധപൂരിതമായത്.ദിവസവും ആയിരക്കണക്കിന് പേരാണ് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തുന്നത്. പാതയോരത്തെ ഓടയ്ക്ക് മുകളിലൂടെ നടക്കുന്നവരില്‍ ചെറിയ ശ്രദ്ധതെറ്റിയാല്പോലും തകര്‍ന്ന സ്ലാബിനുള്ളിലൂടെ ഓടയിലേക്ക് വീഴാനുള്ള സാധ്യതയാണുള്ളത്.
പൊതുമരാമത്തിന്റെ പരിധിയിലുള്ള റോഡിനുവശത്താണ് ഓടയെങ്കിലും ഇവയുടെ സംരക്ഷണം ഗ്രാമപഞ്ചായത്തിനാണുള്ളത്. ഓടതകര്ന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.മഴക്കാലമായതോടെ ഓടയിലൂടെ അഴുക്കുവെള്ളം നിറഞ്ഞൊഴുകുന്ന അവസ്ഥയാണ്. ഓടയുടെ സ്ലാബ് പൊട്ടിയതിനാല്‍ അഴുക്കുവെള്ളം റോഡിലൂടെ ഒഴുകുന്നതിനും ഇത് ഇടയാക്കും.
പകര്‍ച്ചവ്യാധി ഭീഷണിയുള്ള സാഹചര്യത്തിലാണ് നടപടി സ്വീകരിക്കാതെ അധികൃതര്‍ അനാസ്ഥകാട്ടുന്നത്.താലൂക്കാശുപത്രിയില്‍ എത്തുന്നവര്ക്കുപുറമെ സമീപത്തെ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍മാരും വ്യാപാരികളും ഓടയില്‍നിന്നുള്ള അസഹനീയമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയിലാണ്. ഓടയുടെ മുകളിലുള്ള മിക്ക സ്ലാബുകളും തകര്‍ന്ന അവസ്ഥയിലാണ്. തകര്‍ന്ന ഓടകള്‍ അടിയന്തിരമായി മാറ്റി പുതിയവ സ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത്.