ആയൂര്‍: റോഡിലേക്ക് ചാഞ്ഞുനില്ക്കുന്ന മരങ്ങള്‍ അപകടഭീതിയുയര്‍ത്തുന്നു. അഞ്ചല്‍-ആയൂര്‍ പാതയില്‍ പനച്ചവിള ജംഗ്ഷന് സമീപവും കൈപ്പള്ളി മുക്കിലും പെരിങ്ങള്ളൂര്‍ ഐസ് പ്ലാന്റിന് സമീപവും ജവഹര്‍ ജംഗ്ഷനിലുമാണ് കടപുഴകാന്‍ പാകത്തിന് മരങ്ങള്‍ നില്‍ക്കുന്നത്. ഇവയില്‍ ചിലതെല്ലാം ഉണങ്ങിയ നിലയിലുമാണ്. രണ്ടുമാസം മുന്‍പ് പനച്ചവിള ജംഗ്ഷന് സമീപം നിന്ന ഒരു മരത്തിന്റെ ശിഖരം ഒടിഞ്ഞ് റോഡിലേക്ക് വീണെങ്കിലും സംഭവസമയം വാഹനങ്ങള്‍ കടന്നുപോകാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായിരുന്നു. ഇതിന് സമീപം നില്ക്കുന്ന കൂറ്റന്‍ മരങ്ങളാണ് ഇപ്പോള്‍ വാഹനയാത്രികര്‍ക്ക് അപകടഭീതിയുണര്ത്തുന്നത്.
എംസി റോഡില്‍ ആയൂര്‍ പാലത്തിന് സമീപം റോഡരുകില്‍ ചെവിടുഭാഗം ഉണങ്ങിനില്ക്കുന്ന വാകമരം ഏതുസമയവും പിഴുതുവീഴാമെന്ന അവസ്ഥയിലാണ്. സെക്കന്റുകളുടെ വ്യത്യാസത്തില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലേക്ക് മരം പിഴുതുവീണാല് വന്‍ ദുരന്തമുണ്ടാകും. വാകമരത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ റബര്‍ മരങ്ങള്‍ എംസി റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്നതും വലിയ അപകടഭീഷണിയാണ്. ആറുമാസത്തിനിടെ മൂന്നുതവണ റബര്‍ മരങ്ങള്‍ എംസി റോഡിലേക്ക് ഒടിഞ്ഞുവീണെങ്കിലും വാഹനയാത്രികര്‍ നലനാരിഴയ്ക്കാണ് രക്ഷപെട്ടത്.
സംഭവത്തിനുശേഷം കെഎസ്ഇബി ജീവനക്കാരും കടയ്ക്കല്‍ ഫയര്‍ഫോഴ്സും ചേര്‍ന്ന് ഒടിഞ്ഞുവീഴുന്ന റബര്‍ മരങ്ങള്‍ റോഡില്‍ നിന്നും നീക്കം ചെയ്യുമെങ്കിലും അപകടഭീഷണിയിലുള്ള ബാക്കി മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.അഞ്ചല്‍-കുളത്തൂപ്പുഴ പാതയില്‍ പത്തടി, ഭാരതീപുരം ഭാഗങ്ങളിള്‍ റോഡിന്റെ ഇരുവശങ്ങളിലുമായി അപകടകരമാംവിധത്തിലാണ് വന്മരങ്ങളുള്ളത്. ശക്തമായ കാറ്റും മഴയുമുള്ളപ്പോള്‍ മരം വീണ് ഗതാഗതം തടസപ്പെടുന്നതും പതിവുസംഭവമാണ്. പുനലൂരില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് മിക്കപ്പോഴും റോഡിലേക്ക് വീഴുന്ന വലിയ മരക്കഷണങ്ങള്‍ മുറിച്ചുമാറ്റുന്നത്.
ആറുമാസം മുമ്പ് പെരിങ്ങള്ളൂര്‍ ഐസ് പ്ലാന്റിന് സമീപം കാര്‍ മരത്തിലിടിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരം പൂര്‍ണമായും ഒടിഞ്ഞ് കാറിനെ മുകളിലേക്ക് വീഴുകയായിരുന്നു. റോഡരികില്‍ ഉണങ്ങിനിന്ന മരങ്ങളില്‍ ഒന്നിലാണ് കാറിടിച്ചത്. മരം ഒടിഞ്ഞ് കാറിന് മുകളിലേക്ക് വീണതുകൊണ്ടാണ് അന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ഇതിന് സമീപം ഏതുസമയവും നിലംപതിക്കാമെന്നോണം ഇപ്പോഴും മരങ്ങള്‍ അപകടാവസ്ഥയിലുണ്ടെങ്കിലും അധികൃതര്‍ക്ക് കുലുക്കമില്ല.അപകടഭീഷണിയുയര്ത്തിനില്ക്കുന്ന മരങ്ങള്‍ക്കുപകരം ചില കെട്ടിടങ്ങള്‍ക്ക് മറവുണ്ടാക്കുന്ന തണല്‍ വൃക്ഷങ്ങള്‍ മുറിച്ചുമാറ്റുന്നതിന് പൊതുമരാമത്ത് വകുപ്പ് ഒത്താശചെയ്തുകൊടുക്കുന്നതായും ആക്ഷേപമുണ്ട്.
ഏതാനും മാസം മുമ്പ് അഞ്ചല്‍ സൊസൈറ്റി ജംഗ്ഷനില്‍ റോഡുവക്കില്‍ നിന്ന ഏക ബദാം മരം സമീപത്തെ കോ-ഓപ്പറേറ്റീവ് ബാങ്കിനുവേണ്ടി പണിയുന്ന ബഹുനിലകെട്ടിടത്തിന് മറവുണ്ടാക്കുമെന്നതിനെ തുടര്‍ന്ന് മുറിച്ചുമാറ്റിയിരുന്നു.സമീപത്തെ ടാക്സി ജീവനക്കാര്‍ സംഭവം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. രാഷ്ട്രീയ ഇടപെടലാണ് സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ മടികാട്ടുന്നതെന്നാണ് ആക്ഷേപം.
റോഡരുകില്‍ നില്ക്കുന്ന അപകടകരമായുള്ള മരങ്ങള്‍ മുറിച്ചുമാറ്റാതെ സ്വകാര്യ താല്പര്യങ്ങള്ക്കുവേണ്ടി തണല്‍വൃക്ഷങ്ങള്‍ മുറിച്ചുമാറ്റുന്നതിന് ഒത്താശ ചെയ്യുന്ന പൊതുമരാമത്ത് ജീവനക്കാര്‍ക്കെതിരെ നാട്ടുകാര്‍ക്ക് വ്യാപകമായ പ്രതിഷേധമാണുള്ളത്. മഴ ശക്തമായ അവസരത്തില്‍ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന പാതകളുടെ ഇരുവശങ്ങളിലും അപകടഭീതിയില്‍ നില്ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.