പരവൂർ: ഇന്ത്യൻ റെയിൽവേ നിർമാണ മേഖലയ്ക്ക് വൻ കുതിപ്പേകി രാജ്യം ആദ്യമായി യൂറോപ്യൻ യൂണിയനിലേക്ക് റെയിൽ ചക്രങ്ങൾ കയറ്റുമതി ചെയ്യുന്നു.ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വാഗൺ നിർമാതാക്കളായ ജൂപ്പിറ്റർ വാഗൺസ് ലിമിറ്റഡ്, യൂറോപ്പിലെ ഏറ്റവും വലിയ ചരക്ക് വാഗൺ നിർമാതാക്കളിലൊന്നായ സ്ലോവാക്യയിലെ തത്രവഗോങ്കയുമായി പത്ത് വർഷത്തെ ചരിത്രപരമായ കരാറിൽ ഒപ്പുവച്ചു. ചരക്ക് വണ്ടികൾക്കായുള്ള ആക്സിലുകളും അസംബിൾ ചെയ്ത വീൽസെറ്റുകളും വിതരണം ചെയ്യുന്നതാണ് കരാർ.
പ്രതിവർഷം ഇരുപതിനായിരം മുതൽ മുപ്പതിനായിരം വരെ വീൽസെറ്റുകൾ ആവശ്യമായി വരുന്ന തത്രവഗോങ്കയുമായുള്ള ഈ ഇടപാടിലൂടെ വരും വർഷങ്ങളിൽ പത്തു മുതൽ 15 ബില്യൺ രൂപ വരെ (100–150 മില്യൺ ഡോളർ) വരുമാനമാണ് ജൂപ്പിറ്റർ വാഗൺസ് പ്രതീക്ഷിക്കുന്നത്. കരാർ പ്രകാരമുള്ള ആദ്യ ചരക്ക് കൈമാറ്റം 2027 അവസാനത്തോടെ നടക്കും.
ഒഡീഷയിൽ വൻ നിക്ഷേപത്തോടെ പുതിയ പ്ലാന്റ്
കയറ്റുമതി ലക്ഷ്യമിട്ട് ഒഡീഷയിൽ സംയുക്തമായി ആരംഭിക്കുന്ന പുതിയ പ്ലാന്റിലായിരിക്കും ഇതിനായുള്ള ഉത്പാദനം നടക്കുക. ഏകദേശം 30 ബില്യൺ രൂപയുടെ (300 മില്യൺ ഡോളറിലധികം) നിക്ഷേപമാണ് ഈ അത്യാധുനിക ഫാക്ടറിക്കായി ഇരു കമ്പനികളും വിനിയോഗിക്കുന്നത്. 2027 ഡിസംബറോടെ പൂർണ സജ്ജമാകുന്ന പ്ലാന്റിന്റെ ഉത്പാദന ശേഷി പ്രതിവർഷം ഒരു ലക്ഷം വീൽസെറ്റുകളായിരിക്കും.
ഇതിൽ പകുതിയോളം വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ 2024-ൽ മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ജൂപ്പിറ്റർ വാഗൺസ് സ്വന്തമാക്കിയ പ്ലാന്റിൽ പ്രതിവർഷം ഇരുപതിനായിരം വീൽസെറ്റുകൾ നിർമിക്കാനുള്ള ശേഷിയുണ്ട്.
ഭാരതീയ റെയിൽവേയുടെ നവീകരണ പ്രക്രിയയിലും ജൂപ്പിറ്റർ വാഗൺസ് നിർണായക പങ്കുവഹിക്കുന്നുണ്ട്. ആഭ്യന്തര നിർമാതാക്കളായ ബ്രൈത്ത്വൈറ്റ് ആൻഡ് കമ്പനിക്ക് പതിനായിരത്തോളം വീൽസെറ്റുകൾ വിതരണം ചെയ്യാനുള്ള കരാറിന് പുറമെ, ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്കായി 5,300 വീൽസെറ്റുകൾ നിർമിക്കാനുള്ള ഓർഡറും കമ്പനി സ്വന്തമാക്കിയിട്ടുണ്ട്.
ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാൻ ഇന്ത്യ
ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് റെയിൽവേ ചക്രങ്ങൾ ഇറക്കുമതി ചെയ്യുന്നത് പരമാവധി കുറയ്ക്കാനും ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാനുമുള്ള കേന്ദ്ര സർക്കാർ നയങ്ങൾക്ക് പുതിയ കരാർ വലിയ കരുത്താകും. നിലവിൽ റഷ്യ-യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ യുക്രെയ്ന്റെ പ്രമുഖ സപ്ലെയറായ ‘ഇന്റർപൈപ്പിന്റെ’ ഉത്പാദനത്തിൽ ഉണ്ടായ തടസങ്ങളും ബദൽ വിപണി കണ്ടെത്താനുള്ള യൂറോപ്പിന്റെ ശ്രമങ്ങളുമാണ് ഇന്ത്യയ്ക്ക് വഴിത്തിരിവായത്. ഇന്ത്യയ്ക്ക് പുറമെ കസാക്കിസ്ഥാൻ കമ്പനികളും നിലവിൽ യൂറോപ്യൻ വിപണി ലക്ഷ്യമിട്ട് സർട്ടിഫിക്കേഷൻ നടപടികളുമായി രംഗത്തുണ്ട്.
എസ് ആർ സുധീർ കുമാർ
