ഗാന്ധിനഗർ: മരിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്നു ഗാന്ധിനഗർ പോലീസിനു ലഭിക്കും. വ്യാഴാഴ്ചയാണ് ഡൽഹിയിൽ നഴ്സായ കൈപ്പുഴ സ്വദേശിനി വീട്ടിൽ ആണ്കുട്ടിയ്ക്കു ജന്മം നല്കിയത്. തുടർന്ന് അമിത രക്തസ്രാവമുണ്ടായതോടെ ഇവർ പ്രസവിച്ച കാര്യം മറച്ചുവച്ചു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു.
പീന്നിട് പോലീസ് നടത്തിയ അന്വേഷണത്തിലാണു കുഞ്ഞിന്റെ മൃതദേഹം വീടിനുള്ളിൽ നിന്നും കണ്ടെത്തിയതും സംഭവം പുറത്തറിയുന്നതും. അതേസമയം യുവതിയുടെ കാമുകൻ ഇന്നലെ ഗാന്ധിനഗർ പോലീസിനു മുന്നിലെത്തി വിവരങ്ങൾ കൈമാറി. യുവതിയുടെ ഗർഭത്തിന് ഉത്തരവാദി താനാണെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ജനുവരിയിലാണ് യുവതിയ്ക്കു പ്രസവത്തിനായി ഡേറ്റ് നൽകിയിരുന്നത്. കഴിഞ്ഞ എട്ടു മാസമായി ഡൽഹിയിൽ ആശുപത്രിയിൽ കൃത്യമായി ചികിത്സയും നൽകിയിരുന്നു. ഈ ചികിത്സയുടെ രേഖകൾ സഹിതമാണ് യുവതിയുടെ കാമുകൻ ഇന്നലെ പോലീസിനെ സമീപിച്ചത്. എന്നാൽ കൂട്ടിയുടെ ആന്തരിക അവയവങ്ങൾ അടക്കം ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഇതിനു ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ. അതു വരെ യുവതി പോലീസ് കസ്റ്റഡിയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരും. പതോളജി ലാബിലെ പരിശോധന ഫലം കൂടി ലഭിച്ചശേഷമേ പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലീസിനു കൈമാറുവെന്ന് ഡോക്്ടർമാർ അറിയിച്ചു. നവജാത ശിശുവിന്റെ മരണകാരണം എന്താണെന്ന് സ്ഥിരീകരിക്കാൻ സാധിക്കാത്തതിനാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്.