കോട്ടയം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരളത്തിന്റെ പ്രതീക്ഷയും ആവേശവുമായ കേരള ബ്ലാസ്റ്റേഴ്സില്‍ കാര്യങ്ങള്‍ ഇപ്പോഴും പഴയപടിയെന്ന് ടീമിലെ താരങ്ങളിലൊരാള്‍. മൂന്നാം സീസണിനായി മറ്റു ടീമുകള്‍ ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇതുവരെ ഉണര്‍ന്നിട്ടില്ലെന്ന് കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന ഈ താരം പറയുന്നു. ടീമംഗങ്ങളുമായി ക്ലബ്ബ് അധികൃതര്‍ ആശയവിനിമയം നടത്തിയിട്ട് മാസങ്ങളായി. പരിശീലനം എന്നുതുടങ്ങുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വരുത്താന്‍ പോലുമായിട്ടില്ല. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഡെല്‍ഹി ഡൈനാമോസും ആദ്യ വട്ട പരിശീലനം ആരംഭിച്ചുകഴിഞ്ഞു. മറ്റു ടീമുകള്‍ ജൂലൈ അവസാന ആദ്യ വാരം പരിശീലനക്യാപ് തുടങ്ങും.
പുതിയ പരിശീലകനായി ചുമതലയേറ്റ സ്റ്റീവ് കോപ്പല്‍ കഴിഞ്ഞദിവസം കൊച്ചിയിലെത്തി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സന്ദര്‍ശിച്ചിരുന്നു. കേരളത്തിലെ ആരാധകരെപ്പറ്റി വാതോരാതെ പ്രശംസിച്ചെങ്കിലും മാര്‍ക്കീ താരം ഉള്‍പ്പെടെയുള്ള താരങ്ങളെപ്പറ്റി കാര്യമായൊന്നും പറയാന്‍ ഈ ഇംഗ്ലീഷുകാരന് തയാറായില്ല. അതേസമയം, മുന്‍ ജര്‍മന്‍ ഗോള്‍മെഷീന്‍ മിറോസ്ലാവ് ക്ലോസെ ബ്ലാസ്റ്റേഴ്സിന്റെ മാര്‍ക്കീ താരമായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ക്ലബ്ബ് അധികൃതര്‍ വിസമ്മതിച്ചെങ്കിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന സൂചന നല്കി.