കൊച്ചി: ഐഎന്‍ടിയുസി സംസ്ഥാന ക്യാമ്പ് അടുത്ത മാസം 28, 29 തീയതികളില്‍ അടൂര്‍ മാര്‍ത്തോമാ സെന്ററില്‍ നടക്കും. സംസ്ഥാന ഭാരവാഹികള്‍, റീജണല്‍ പ്രസിഡന്റുമാര്‍, ജില്ലാ പ്രസിഡന്റുമാര്‍ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് പറഞ്ഞു. പുനഃസംഘടിപ്പിച്ച ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തിന് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു മേഖലാ ക്യാമ്പുകളും 140 നിയോജകമണ്ഡലം ക്യാമ്പുകളും നടത്തി 1,25,000 തൊഴിലാളി പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.
നവംബര്‍ 14ന് അനാഥക്കുട്ടികളുടെ ജന്മദിനമായി ആഘോഷിക്കും. സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങളിലുമുള്ള കുട്ടികള്‍ക്ക് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ ഭക്ഷണവും വസ്ത്രങ്ങളും നല്‍കുമെന്നും ചന്ദ്രശേഖരന് പറഞ്ഞു. ഇടത് സര്‍ക്കാരിനെതിരെ സമരത്തിലേക്ക് ഉടന്‍ എടുത്തുചാടില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷവും തൊഴിലാളിനയം ഇല്ലാതിരുന്ന ഒരു സര്‍ക്കാരായിരുന്നു കേരളം ഭരിച്ചിരുന്നത്. അതിന്റെ ഫലമാണ് യുഡിഎഫ് അനുഭവിച്ചത്. സര്‍ക്കാരിന് ഐഎന്‍ടിയുസി അവകാശപത്രിക സമര്‍പ്പിച്ചിട്ടുണെ്ടന്നും അദ്ദേഹം പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടപ്പെടുമെന്ന ആശങ്ക നിലനില്ക്കുന്നു. താനും എളമരം കരീമും കെ.പി. രാജേന്ദ്രനും ഒപ്പിട്ട നിവേദനം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എസ്ബിഐ ലയനത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചു. അടുത്തയാഴ്ച തിരുവനന്തപുരത്ത് സത്യഗ്രഹവും ധര്‍ണയും സംഘടിപ്പിക്കും. സെപ്റ്റംബര്‍ രണ്ടിലെ ദേശീയ പണിമുടക്കില്‍ സമസ്ത മേഖലകളും സ്തംഭിപ്പിക്കും. കോണ്‍ഗ്രസില്‍ ബൂത്ത് തലം മുതല്‍ മാറ്റംവേണം.
ഐഎന്‍ടിയുസി മാതൃകയില്‍ ബൂത്ത് തലം മുതല്‍ തെരഞ്ഞെടുപ്പ് നടത്തണം. കോണ്‍ഗ്രസ് ജാതി മത സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആക്കരുതെന്നും ചന്ദ്രശേഖരന് പറഞ്ഞു. കോണ്‍ഗ്രസിന് പുതിയ മുഖവും ശരീരവും വേണം. കഴിവ് തെളിയിക്കുന്നവര്‍ ആരായാലും അംഗീകരിക്കണം. രാജ്യമാകെ കോണ്‍ഗ്രസ് തകര്‍ച്ചയിലാണ്. നിലപാടിലും പരിഗണനയിലും വലിയ മാറ്റം വന്നാലേ കോണ്‍ഗ്രസ് രക്ഷപ്പെടൂവെന്നും ചന്ദ്രശേഖരന് പറഞ്ഞു.