എം.സുരേഷ്ബാബു
തിരുവനന്തപുരം: ഐഎസ് തീവ്രവാദ ഭീഷണി ശക്തമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാജമായെടുത്ത മൊബൈല്‍ ഫോണ്‍ കണക്ഷനുകളെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കുന്നു. കുഴല്‍പ്പണ ഇടപാടുകള്‍, ഹവാല ഇടപാടുകള്‍, വിധ്വംസകപ്രവര്‍ത്തനങ്ങള്‍, രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് വരെ ഇത്തരത്തില്‍ വ്യാജമായെടുത്ത മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ വിനിയോഗിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സംസ്ഥാന ഇന്റലിജന്‍സിന് മുന്നറിയിപ്പ് നല്കി. കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വ്യാജമായെടുത്ത മൊബൈല്‍ ഫോണ്‍ കണക്ഷനുകളെക്കുറിച്ച് അന്വേഷിക്കുന്നതിന് സംസ്ഥാന ഇന്റലിജന്‍സ് രഹസ്യ നീക്കം ആരംഭിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ മൊബൈല്‍ ഫോണ്‍ കമ്പനികളില്‍ നിന്നും വ്യാജമായെടുത്ത ഒരു ലക്ഷത്തില്‍പ്പരം വ്യാജ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മൊബൈല്‍ ഫോണ്‍ കമ്പനികളുടെ ഔട്ട് ലെറ്റുകളില്‍ നിന്നും പുതിയ കണക്ഷനെടുക്കുന്ന ഉപഭോക്താക്കളുടെ പേരില്‍ ഒരാളിന്റെ പേരില്‍ തന്നെ അഞ്ചില്‍ അധികം കണക്ഷനുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. വാട്ട്സ് അപ്പ് ഉള്‍പ്പെടെ ഉപയോഗിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെ സംസ്ഥാന പോലീസ് ജാഗ്രതയോടെ നിരീക്ഷിക്കുകയാണ്.
കോളജ് വിദ്യാര്‍ഥിനികള്‍, യുവതികള്‍, വീട്ടമ്മമാര്‍, യുവാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോട്ടോകളും ഐഡി പ്രൂഫും ദുരുപയോഗം ചെയ്താണ് ഇത്തരത്തില്‍ വ്യാപകമായ രീതിയില്‍ വ്യാജ കണക്ഷനുകള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. പലരുടെയും വിവരങ്ങള്‍ രഹസ്യമായി ശേഖരിച്ച് വ്യാജ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ എടുക്കുന്ന ഒരു ശൃംഖല സംസ്ഥാനത്ത് പ്രവര്‍ത്തിച്ച് വരികയാണെന്ന് ഇന്റലിജന്‍സ് വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനികളിലെ ചില ഔട്ട് ലെറ്റുകളില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ സഹായത്തോടെയാണ് ഉപഭോക്താക്കളുടെ ഐഡി പ്രൂഫും ഫോട്ടോകളും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ലോബികളുടെ കൈവശമെത്തുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ അനുവദിക്കുമ്പോള്‍ കൂടുതല്‍ സൂക്ഷ്മതയും വിശദ അന്വേഷണവും നടത്തണമെന്ന് മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് പോലീസ് വരും ദിവസങ്ങളില്‍ കര്‍ശന നിര്‍ദേശം നല്‍കിയേക്കും. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ നിന്നുളള ഉപഭോക്താക്കളുടെ പേരിലാണ് കൂടുതല്‍ വ്യാജ കണക്ഷനുകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഐഎസിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്ന ഫെയ്സ് ബുക്ക് പേജുകളും വാട്ട്സ് അപ്പ് സന്ദേശങ്ങളും കര്‍ശനമായി നിരീക്ഷിക്കണമെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെയും എന്‍ഐഎയുടെയും യോഗം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാന ഇന്റലിജന്‍സ് മേധാവി ആര്.ശ്രീലേഖയ്ക്ക് ഇത് സംബന്ധിച്ചുള്ള വിശദ വിവരങ്ങളും മുന്നറിയിപ്പുകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് നിന്നും സെക്കന്റ് ഹാന്‍ഡ് മൊബൈല്‍ ഫോണുകളും മോഷണ മൊബൈല്‍ ഫോണുകളും മൊത്തമായി വാങ്ങി വില്‍പ്പന നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചും പോലീസിന്റെ അന്വേഷണം നീങ്ങുന്നുണ്ട്. ഐഎംഇഐ നമ്പര്‍ മാറ്റി ബംഗ്ലാദേശിലേക്ക് ഉള്‍പ്പെടെ ഇത്തരത്തിലുള്ള മൊബൈല്‍ ഫോണുകള്‍ എത്തിച്ച് കൊടുക്കുന്ന വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും ഇവ വിനിയോഗിക്കപ്പെടാനുള്ള സാധ്യത ഗൗരവമായി കാണണമെന്നാണ് രഹസ്യാന്വേഷണ വിഭാഗം പോലീസിന് നല്‍കിയിരിക്കുന്ന രഹസ്യ നിര്‍ദേശം.