പുൽപ്പള്ളി: കോഴികളോടൊപ്പം വളരുന്ന മയിൽ കൗതുക കാഴ്ചയാവുന്നു. പുൽപ്പള്ളി കൊളവള്ളി ഗോപിനാഥൻ-സുജിനി ദന്പതിമാരുടെ വീട്ടിലാണ് ഈ കാഴ്ച.
ഒരു വർഷം മുന്പ് ഗോപിനാഥൻ ബന്ധുവിന് വനാതിർത്തിയിൽ നിന്നും ലഭിച്ച നാല് മുട്ടകൾ കോഴിക്ക് അട വെച്ച് വിരിയിക്കുകയായിരുന്നു.
നാലു മുട്ടകളും വിരിഞ്ഞെങ്കിലും മൂന്നെണ്ണം ചത്തു. അവശേഷിച്ച ഒരെണ്ണമാണ് ഇപ്പോൾ വീട്ടിലെ കോഴികൾക്കൊപ്പം തീറ്റ തേടുന്നത്.
രാവിലെ മുതൽ കോഴികളോടൊപ്പം തീറ്റ തേടിയും കുട്ടികളോടൊപ്പം കളിച്ചും നടക്കുകയാണ് ഈ മയിൽ. സന്ധ്യമയങ്ങുന്നതോടെ വീടിന് സമീപത്തെ മരത്തിൽ കഴിയും. പുലർച്ചെ വീണ്ടും കോഴികളോടൊപ്പം ചേർന്ന് നടക്കും.
ഒരു വർഷത്തോളമായി വീട്ടുകാർക്കും നാട്ടുകാർക്കും ഒരുപോലെ പ്രിയങ്കരിയാണ് ഈ മയിൽ. മയിൽ വീട്ടിൽ വളർത്തുന്നതറിഞ്ഞ് വനം വകുപ്പെത്തിയെങ്കിലും കൂട്ടിലടക്കാതെ വളർത്താൻ സമ്മതിച്ചതായി സുജിനി പറഞ്ഞു.