പയ്യന്നൂര്‍: പയ്യന്നൂര്‍ കോളജിലെ കെഎസ്യു നേതാവിന്റെ കാല് ആറംഗസംഘം തല്ലിയൊടിച്ചു. കെഎസ്യു യൂണിറ്റ് പ്രസിഡന്റ് പാലാവയലിലെ പുതിയ പറമ്പില്‍ തോംസണ്‍ ബെന്നി (19) യെയാണ് ഒരു സംഘം ഇന്നലെ രാത്രി 11ഓടെ ആക്രമിച്ചത്. ഇയാള്‍ പയ്യന്നൂരിലെ പ്രിയദര്‍ശിനി ആശുപത്രിയില്‍ ചികിത്സയിലാണ്. ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ തോംസണ്‍ മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം പയ്യന്നൂര്‍ കോളജിന് സമീപം താമസിക്കുന്ന വാടക വീട്ടിലാണ് അക്രമം നടന്നത്. കോളജില്‍ കൂടെ പഠിക്കുന്നവര്‍ പുറത്ത് വന്ന് വിളിക്കുന്നത് കേട്ടാണ് തോംസണ്‍ കതക് തുറന്നത്. ഉടന്‍ അകത്തേക്ക് തള്ളിക്കിയറിയ ആറംഗസംഘമാണ് അക്രമം നടത്തിയത്.
മദ്യലഹരിയിലായിരുന്ന അക്രമികളുടെ കൈയിലുണ്ടായിരുന്ന മദ്യക്കുപ്പികള്‍ നിരത്തിവച്ച് തോംസണേയും കൂടെ താമസിക്കുന്ന സഹവിദ്യാര്ഥികളേയും നിര്‍ത്തി ഫോട്ടോയെടുത്തെന്നും തങ്ങള്‍ പ്രതികളായുള്ള മുന്‍ കേസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഫോട്ടോ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും തോംസണ്‍ പോലീസിന് മൊഴി നല്കി. കഴിഞ്ഞ മാസം 20ന് നടന്ന ആക്രമണത്തില്‍ തോംസണും കെഎസ് യു പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു. ഈ സംഭവത്തിലെ പ്രതികള്‍ തന്നെയാണ് ഇന്നലെ രാത്രിയിലും ആക്രമിച്ചതെന്ന് തോംസണ്‍ മൊഴി നല്കി.
ഇരുമ്പുവടിയും മരകഷ്ണവും കൊണ്ടുള്ള മര്‍ദ്ദനത്തില്‍ വലതുകാല്മുട്ട് തകര്‍ന്ന് മൂക്കില്‍ നിന്ന് രക്തമൊഴുകുന്ന നിലയില്‍ കൂടെ താമസിക്കുന്ന വിദ്യാര്‍ഥികളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. തോംസണെ ആക്രമിച്ച സംഭവത്തില്‍ എം.ടി. അക്ഷയ്, കെ. ശരത്, ഗനില്‍, ശ്യാം, നവനീത്, വൈശാഖ് എന്നിവര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. അക്രമസംഭവത്തില്‍ പ്രതിഷേധിക്കുന്നതായും പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സമാധാനത്തോടെ പയ്യന്നൂര്‍ കോളജില്‍ പഠിക്കാനുള്ള അവസരമൊരുക്കണമെന്നും കോണ്‍ഗ്രസ് പയ്യന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ഡി.കെ.ഗോപിനാഥ് ആവശ്യപ്പെട്ടു.