തളിപ്പറമ്പ്: കനത്ത മഴയില്‍ ഓവുചാല്‍ അടഞ്ഞ് മന്ന ജംഗ്ഷനിലെ കടകളില്‍ വെള്ളം കയറി. ഇന്നലെ രാത്രി പെയ്ത മഴയിലാണ് മന്ന ജംഗ്ഷനിലെ അബ്ദുറഹ്മാന്റെ ക്വാളിറ്റി ബേക്കറി, ദീപിക ഏജന്റ് ഈസാന്‍ മുസ്തഫയുടെ സ്റ്റേഷനറിക്കട, സിറ്റി ബേക്കറി ആന്‍ഡ് കൂള്‍ബാര്‍ എന്നീ സ്ഥാപനങ്ങളിലേക്ക് മഴവെള്ളം ഇരച്ചുകയറിയത്.
രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് കടയ്ക്കകത്ത് ചെളിയും മണ്ണും നിറഞ്ഞതായി കണ്ടത്. ഈസാന്‍ മുസ്തഫയുടെ സ്റ്റോറിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. സംസ്ഥാന പാതയില്‍ മന്ന ജംഗ്ഷനിലെ അഴുക്കുചാല്‍ വര്‍ഷങ്ങളായി മൂടിക്കിടക്കുകയാണ്. ടാര്‍ ചെയ്ത ആലക്കോട് റോഡിനടിയിലൂടെ കടന്നുപോകുന്ന റോഡിന് കലുങ്കില്ലാത്തതു കാരണം മാലിന്യങ്ങള്‍ മൂടിക്കിടക്കുകയാണ്. റോഡ് പൊളിക്കാതെ ഇത് ശുചീകരിക്കാനാവില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
അടുത്തകാലത്ത് ആലക്കോട് സംസ്ഥാനപാത വിപുലീകരിച്ചുവെങ്കിലും റോഡ് ഉയര്‍ത്തിയിരുന്നില്ല. നാട്ടുകാര്‍ അന്നേ തന്നെ ഈ വിഷയം പൊതുമരാമത്തു വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെങ്കിലും അനുകൂല നടപടികള്‍ ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ വര്‍ഷവും ഇവിടെ ഓവുചാലില്‍ നിന്ന് മഴവെള്ളം കയറി കച്ചവടക്കാര്‍ക്ക് ഭീമമായ നഷ്ടം സംഭവിച്ചിരുന്നു.
വിവരമറിഞ്ഞ് തളിപ്പറമ്പ് മര്‍ച്ചന്റ്സ് അസോസിയെഷന് പ്രസിഡന്റ് കെ.എസ്.റിയാസ്, സെക്രട്ടറി വി.താജുദ്ദീന്, മുസ്ലിം ലീഗ് നേതാവ് കെ.മുസ്തഫഹാജി എന്നിവര്‍ സ്ഥലത്തെത്തി. പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് വ്യാപാരി നേതാക്കള്‍ ആവശ്യപ്പെട്ടു.